വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരന്‍,ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും

കൊല്ലം ∙ വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ തെളിഞ്ഞു. പത്ത് വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.സ്ത്രീ പീഡനം മൂലമുള്ള മരണം തെളിയിക്കപ്പെട്ടാല്‍ ഐപിസി 304 (ബി) പ്രകാരം ഏഴ് വര്‍ഷത്തില്‍ കുറയാതെയുള്ള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് കിട്ടാവുന്ന പരമാവധി ശിക്ഷ. സ്ത്രീധന പീഡനത്തിന്റെ പേരില്‍ ചുമത്തുന്ന ഐപിസി 48 (എ) പ്രകാരം മൂന്നര വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്ന ഐപിസി 306 പ്രകാരം പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.
കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം അഡിഷനല്‍ സെക്ഷന്‍സ് കോടതിയാണു വിധി പറഞ്ഞത്.

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.
കോടതി വിധിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചു . കിരണിനെ പിരിച്ചു വിട്ട മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം ശരിയാണ് എന്ന് തെളിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് അറിഞ്ഞാല്‍ പോലും പിരിച്ചുവിടാം. ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ കുറ്റം തെളിഞ്ഞാല്‍ പോലും നടപടി സ്വീകരിക്കാമെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

Leave a Reply