രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ദൂതന്‍ ഷാജി കിരണ്‍ എന്നൊരാള്‍ സമീപിച്ചു :സ്വപ്ന സുരേഷ്

ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളോട് ഇത് വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി. മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന പേരില്‍ ഷാജി കിരണ്‍ എന്നൊരാള്‍ ഇന്നലെ തന്നെ സമീപിച്ചു. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണം. അഭിഭാഷകരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. പാലക്കാട്ടെ ഓഫീസില്‍ എത്തിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പകല്‍ വെളിച്ചം കാണാതെ ജയിലിലടയ്ക്കുമെന്ന് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. തനിക്കും സരിത്തിനുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് ഷാജി കിരണ്‍ പറഞ്ഞു. സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് തന്റെ പക്കലുണ്ട്. 10 മണിക്ക് മൂന്‍പ് മൊഴി പിന്‍വലിക്കണമെന്നാണ് ഭീഷണി. മൊഴി പിന്‍വലിച്ചുകൊണ്ടുള്ള ഓഡിയോ റെക്കോര്‍ഡ് അയച്ചുനല്‍കണം. അല്ലെങ്കില്‍ കന്റോണ്‍മെന്റ് പോലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം ഡി.ജി.പിയെ കാണുന്നുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു. അതിനകം മൊഴിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പത്തുവയസ്സുളള മകന്‍ ഒറ്റയ്ക്കാകുമെന്നും ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൂന്‍ പ്രന്‍സിപ്പല്‍ ശസക്രട്ടറി ശിവശങ്കറാണ് നേരത്തെ ഷാജിയെ തനിക്ക് പരിചയപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും വിദേശത്തുള്ള നിക്ഷേപങ്ങള്‍ നോക്കിനടത്തുന്നത് ഷാജി കിരണ്‍ ആണെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു.
അതിനിടെ, സ്വപ്‌നയ്‌ക്കെതിരെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും പോലീസ് തീരുമാനിച്ചു. ഇതിനായി പഞ്ചാബില്‍ പോയി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. വൈകാതെ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.