കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സി പി എം വെട്ടിൽ; കേരളാ കോൺഗ്രസ്സിൽ പ്രതിഷേധം        

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റായി കേരളാ കോൺഗ്രസ്സിലെ സാജൻ തൊടുക തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രാദേശിക സി പി എം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും വെട്ടിലായി. വർഷങ്ങൾക്ക് മുമ്പ് ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ്സ് (എം) മണിമല മണ്ഡലം പ്രസിഡൻ്റ് ജയ് മോൻ സേവ്യറിൻ്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി സാജൻ തൊടുക ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. അതിൽ കൂട്ടുപ്രതിയായി ഇപ്പോൾ ബോർഡിലെത്തിയിരിക്കുന്ന സുമേഷ് ആൻഡ്രൂസ്സുമുണ്ടായിരുന്നു.

ശബ്ദരേഖ പുറത്തു വന്നതിൻ്റെ അന്ന് രാവിലെ കാഞ്ഞിരപ്പള്ളി വ്യാപാരഭവനിൽ വെച്ച് നടന്ന ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് അഴിമതി ആരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുകയും സാജൻ തൊടുകയെ കൈയ്യിൽ കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് മർദിച്ച് അവശനാക്കുകയും ചെയ്തു. സാജൻ്റെ ജന്മനാടായ എലിക്കുളം സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൈക ഗവൺമെൻ്റ് ആശുപത്രി ജംഗ്ഷനിൽ നിന്നും സാജൻ്റെ വീട്ടിലേക്ക് അഴിമതി വീരാ രാജി വയ്ക്കു, പുറത്തു പോകു എന്ന മുദ്രാവാക്യം മുഴക്കി പന്തം കൊളുത്തി പ്രകടനവും രാജി ആവശ്യപ്പെട്ട് വ്യാപകമായ പോസ്റ്റർ പതിക്കലും നടത്തിയിരുന്നു. എന്നാൽ അന്ന് യുഡിഎഫിലായിരുന്ന ജോസ് കെ മാണിയും കൂട്ടരും പിന്നിട് എൽ ഡി എഫിൻ്റെ ഭാഗമായി. അതിനു ശേഷം നടന്ന ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് കഴിഞ്ഞ കാലങ്ങളിൽ സി പി എമ്മും ഡിവൈഎഫ്ഐയും അഴിമതി വീരൻ എന്നു വിളിച്ച് തെരുവിൽ നേരിട്ട സാജൻ തൊടുകയെ പിന്തുണക്കേണ്ട ഗതികേട് സി പി എമ്മിനുണ്ടായത്. അഴിമതിക്കെതിരെ പോരാടുന്നുവെന്ന അവകാശപ്പെടുന്ന സി പി എം നേതൃത്വം അഴിമതിക്കാരനെ പ്രസിഡൻ്റാക്കാൻ കൂട്ടു നിന്നതിൽ പ്രാദേശിക സി പി എം നേതൃത്വത്തിനും തലവേദനയായി. നാളെകളിൽ അണികളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനുള്ള തത്രപ്പാടിലും ,രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകാനുള്ള ക്യാപ്സൂളുകൾ തയ്യാറാക്കുന്നതിൻ്റെ തിരക്കിലാണ് സി പി എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയും എലിക്കുളം ലോക്കൽ കമ്മറ്റിയും.ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി പരസ്യമായി ആവശ്യപ്പെട്ട സാജൻ തൊടുകക്കെതിരെ നടപടി എടുക്കാതെ പരാതിക്കാരനായ മണിമല മണ്ഡലം പ്രസിഡൻറ് ജയ് മോൻ സേവ്യറിനെ പാർട്ടി യിൽ നിന്ന് പുറത്ത് ആക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി അഴിമതി വിരുദ്ധ പോരാട്ടത്തിൽ ആദ്യ കണ്ണിയായെങ്കിൽ രണ്ടാം കണ്ണിയായിരിക്കുന്നത് സി പി എമ്മും ഡിവൈഎഫ്ഐയുമാണ്.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്സ് (എം) ലും പ്രതിക്ഷേധം ശക്തമായി, അവസാനം വരെ പ്രസിഡൻ്റ് സ്ഥാനത്തിനായി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ്റെയും പൂഞ്ഞാൽ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെയും പിന്തുണയുണ്ടായിരുന്ന പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സാജൻ കുന്നത്തിനെ പരിഗണിക്കാത്തതിൽ ഒരു വിഭാഗം പ്രവർത്തക്കർക്ക് ശക്തമായ എതിർപ്പുണ്ട്. എന്നാൽ മന്ത്രിയുടെയും എംഎൽഎയുടെയും പിന്തുണ നേടാൻ കഴിഞ്ഞെങ്കിലും നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡൻ്റുമാരുടെ പിന്തുണ നേടാൻ കഴിയാത്തതാണ് കുന്നത്തിന് വിനയായത്. ആകെയുള്ള 10 മണ്ഡലം പ്രസിഡൻ്റുമാരിൽ പാറത്തോട് മണ്ഡലം പ്രസിഡൻറ് മാത്രമാണ് കുന്നത്തിനെ പിന്തുണച്ചത് എരുമേലി മണ്ഡലം പ്രസിഡൻ്റ് ആരോടും മമതയില്ലാതെ മുഖം തിരിച്ചു നിന്നു ഇതോടൊപ്പം കുന്നത്തിനെ എതിർക്കുന്ന 8 മണ്ഡലം പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ കെ.എം മാണി സ്റ്റഡി ഫോറം രൂപികരിക്കാൻ പ്രാഥമിക യോഗം ചേർന്നതോടെയാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി കുന്നത്തിനെ വെട്ടി അഴിമതി ആരോപണ വിധേയനായ സാജൻ തൊടുകയെ പ്രസിഡൻ്റായി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തേക്കാണ് കാലാവധി അതിനു ശേഷം ജോർഡിൻ കിഴക്കേത്തലക്കൽ മൂന്ന് വർഷം പ്രസിഡൻ്റാകും .ഏതായാലും ഒരു കാര്യം ഓർക്കണം കോഴ മാണിയെന്ന് വിളിച്ചാക്ഷേപിച്ച കെ എം മാണിയെ മാണി സാർ എന്നു വിളിപ്പിക്കുകയും, സരിത കുട്ടൻ എന്നു വിളിച്ചാക്ഷേപിച്ച ജോസ് കെ മാണിയെ സർ എന്നും വിളിപ്പിച്ചതു പോലെ അഴിമതി വീരൻ എന്നു വിളിച്ച സി പി എമ്മിനെ കൊണ്ടും ഡിവൈഎഫ്ഐ യെ കൊണ്ടും പ്രസിഡൻ്റ് എന്നു വിളിപ്പിക്കുന്ന രാഷ്ട്രീയ മാജിക്കാണ് മലയോര മേഖല കാണുന്നത്.ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി: കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറപ്പിക്കുക!

Leave a Reply