കണ്ണൂരിൽ 11 പെൺകുട്ടികളെ പീഡിപ്പിച്ചതിന് തെളിവില്ല, മയക്കുമരുന്ന് നൽകിയത് പെൺകുട്ടി? പിതാവ് പോക്സോ കേസ് പ്രതി, കേസിൽ ട്വിസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ട്വിസ്റ്റ്. പ്രതിയായ ആണ്‍കുട്ടി 11 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചതിന് നേരത്തെ പോക്‌സോ കേസ് പ്രതിയാണെന്നും പോലീസ്. പെണ്‍കുട്ടിയുടെ മാതാവ് ബോംബെയില്‍ നിന്നും കണ്ണൂരിലേക്ക് വന്നിട്ടുണ്ട്. ഇവരാണ് നേരത്തെ ഇയാള്‍ക്കെതിരേ മകളെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയത്. ആദ്യമായി പെണ്‍കുട്ടിയാണ് തനിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പ്രതിയാക്കപ്പെട്ട ആണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിതന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹുക്കയും കഞ്ചാവും വലിക്കുന്നത് പോസ്റ്റ് ചെയ്തതായും കണ്ടെത്തി.

ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്തത് കുട്ടിയുടെ പിതാവാണ്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസാണ് ഇയാള്‍ക്കെതിരെ രണ്ടുവര്‍ഷം മുന്‍പ് പോക്സോ കേസ് എടുത്തത്. ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരിയെന്നതും പോലിസിനെ ഞെട്ടിച്ചു. അതോടൊപ്പം കഴിഞ്ഞ ദിവസം പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പോലിസിനോട് പറയാന്‍ ഇയാള്‍ തയ്യാറായില്ല. 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.