ഗവർണർ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു
സർക്കാരുമായി പൂർണമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിട്ടതെന്നാണ് സൂചന.
ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഒഴികെയുള്ള ഒൻപതു ബില്ലുകളും ഒപ്പിടുമെന്നു ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി ല്ലുകളിലെ ഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ചു ബന്ധപ്പെട്ട മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരിക്കണമെന്നു ഗവർണർ നിർദേശിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറിമാരെ ഒഴിവാക്കി, വകുപ്പു സെക്രട്ടറിമാരുമായെത്തി വിശദീകരിക്കാനാണു ഗവർണർ നിർദേശിച്ചിരുന്നത്.