രാമപുരം ( നീലൂർ ) കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

1250 കോടിയുടെ രാമപുരം ( നീലൂർ )കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയിൽ പാലാ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 5 പഞ്ചായത്തുകളും ഉൾപ്പെടുന്നു.പാലാ നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് മലങ്കര ഡാം സ്രോതസ്സാക്കി രാമപുരം ( നീലൂർ )കുടിവെള്ള പദ്ധതി 13 പഞ്ചായത്തുൾക്കായി പുനസ്ഥാപിച്ചു.മണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന ജലവിഭവവകുപ്പിന്റെ നിയോജകമണ്ഡലം മോനിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി.സി.കാപ്പൻ എം.എൽ.എ ഈ വിവരം പ്രഖ്യാപിച്ചത്. പാല മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകൾക്കായി ഇടക്കാലത്ത് പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പഞ്ചായത്തുകൾ കൂടാതെ മീനച്ചിൽ, ഭരണങ്ങാനം, തലപ്പലം, തലനാട്, പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തുകയും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 5 പഞ്ചായത്തുകളെയും ചേർത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

.ഇതിനാവശ്യമായ റോ വാട്ടർ മലങ്കര ഡാമിൽ നിന്നും പമ്പിംഗിലൂടെ മുട്ടം വില്ലേജിലെ മാത്തപ്പാറയിൽ സ്ഥാപിക്കുന്ന വെൽ കം പമ്പ് ഹൗസിലും അവിടെ നിന്ന് ഗ്രാവിറ്റി ഫോഴ്സിൽ നീലൂർ സ്ഥാപിക്കുന്ന 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയിലും എത്തിക്കുന്നു.അവിടെ നിന്ന് ഗ്രാവിറ്റി ഫോഴ്സിലും പമ്പിംഗിലൂടെയും വിവിധ പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഭൂഗർഭ ഭൂതല,ഉപരിതല ജലസംഭരണ ടാങ്കുകൾ സംപ് കം ബൂസ്റ്റിംഗ് സ്റ്റേഷനുകൾ എന്നിവയിലൂടെ വിവിധ പഞ്ചായത്തുകളിൽ എത്തിക്കുകയും വിതരണ ശൃംഖല ശക്തപ്പെടുത്തി ഗാർഹിക കണക്ഷൻ നൽകുകയുമാണ് പദ്ധതിയുടെ ഉദ്ദേശം. നിലിവലുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ടാങ്കുകളിൽ ബൾക്ക് വാട്ടർ പ്ലൈയും ഇതോടൊപ്പം നൽകും. പദ്ധതിയുടെ അടങ്കൽ തുക 1250 കോടി രൂപയാണ്. 24525 പുതിയ ഗാർഹിക വാട്ടർ കണക്ഷനുകൾ പദ്ധതിയിലൂടെ നൽകും.

മാണി സി കാപ്പൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ അരുണാപുരം റെസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. പദ്ധതിയ്ക്കാവശ്യമായ പിന്തുണ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. യോഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവമാരായ ശരത് നാരായണൻ പോൾസൺ പീറ്റർ, അസിം എം.ലൂക്കോസ് വിവിധ പഞ്ചായത്തിലെ എ.ഇ മാർ, അസിസ്റ്റന്റ് എൻജിനീയർമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വകുപ്പ് തല ഉദ്യോഗസ്ഥൻമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.