ടിക്കറ്റ് നിരക്ക് വർദ്ധന;
സർക്കാർ ഇടപെടണം:
എം.മോനിച്ചൻ


തൊടുപുഴ:


വിമാന , ബസ് യാത്രാ നിരക്ക് അന്യായമായി വർദ്ധിപ്പിച്ചതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇട പെടണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റ് നിരക്കാണ് നാല് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചിരിക്കുന്നത്.
ക്രിസ്തുമസ് ന്യൂ ഇയർ അവധിക്ക് ചികിത്സാ കാര്യങ്ങൾക്കും ബന്ധുമിത്രാതികൾക്കൊപ്പം അവധിയാഘോഷങ്ങൾക്കും കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്കും അന്യ സംസ്ഥാനക്കാർക്കുമാണ് ടിക്കറ്റ് നിരക്ക് വർദ്ധന പ്രതിസന്ധിയായത്. പ്രളയ – കോവിഡ് കാലശേഷം നാല് വർഷത്തിനിടയിൽ നാട്ടിൽ വരാൻ പറ്റാത്ത സാഹചര്യത്തിലാണ് പോക്കറ്റടി പോലെ വിമാന, ബസ് യാത്രാ നിരക്ക് വർദ്ധന ഉണ്ടായിട്ടുള്ളതെന്ന് എം.മോനിച്ചൻ കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് വിമാന ടിക്കറ്റ് നിരക്കിലെ പകൽ കൊള്ള അവസാനിപ്പിക്കാൻ നടപടി ഉണ്ടാവണം. അന്യ സംസ്ഥാനത്തു നിന്നും കൂടുതൽ ടെയിൻ സർവ്വീസ് നടത്താൻ റെയിൽവ്വേ മന്ത്രാലയവും ബസ് യാത്രയ്ക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവ്വീസ് ആരംഭിക്കാൻ സംസ്ഥന സർക്കാരും ഇടപെടലുണ്ടാകണം. സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഏറ്റെടുത്തോ, താത്കാലിക പെർമിറ്റ് നൽകിയോ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്താൻ സർക്കാർ നടപടി വേണമെന്നും എം.മോനിച്ചൻ ആവശ്യപ്പെട്ടു.