പ്രധാനമന്ത്രി മൗനം വെടിഞ്ഞ്
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണം
പി ജെ ജോസഫ്
തൊടുപുഴ : മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മുന്നോട്ടു വരണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ സംസ്ഥാനം കത്തിയെരിയുമ്പോള്‍ രണ്ടു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം രാഷ്ട്രീയ ലക്ഷ്യത്തിനായി വളര്‍ത്തിയെടുത്ത് പള്ളികളും വിദ്യാലയങ്ങളും അടിച്ച് തകര്‍ത്തും, വീടുകള്‍ കൊള്ളയടിച്ചും, ന്യൂനപക്ഷ വിഭാഗങ്ങളെ ഉല്മൂലനം ചെയ്യുവാന്‍ ശ്രമം നടക്കുകയാണ്.
ആര് എസ് എസ് അജണ്ടയാണ് ഇതിനു പിന്നിലെന്ന് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായും പി.ജെ.ജോസഫ് എം എല്‍ എ പറഞ്ഞു. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പക്ഷപാതപരമായ നിലപാടുകളും കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയതായി അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്തു നിന്നുള്ള പ്രതിനിധി സംഘത്തെ കാണാന്‍ കൂട്ടാക്കാത്തതും രണ്ടുമാസമായി തുടരുന്ന പ്രധാനമന്ത്രിയുടെ മൗനവുമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമാക്കിയത്. വൈകിയാണെങ്കിലും സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറായത് ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ഇടപെടല്‍ നിമിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡി എഫ് ആഹ്വാനം ചെയ്ത മണിപ്പൂര്‍ ഐക്യദാര്‍ഡ്യ ദിനാചരണം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്, മുന്‍ എം പി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, കെ പി സി സി അംഗം എപി ഉസ്മാന്, സുരേഷ് ബാബു, എന്‍ ഐ ബെന്നി, കേരളാ കോണ്‍ഗ്രസ് ഹൈപവര്‍ കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോണ്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്, എം എസ് മുഹമ്മദ്, പി ജെ അവിരാ, എം ടി അര്ജ്ജുനന്, റ്റി ജെ പീറ്റര്‍, റ്റി എസ് ഷംസുദ്ദീന്, സണ്ണി കളപ്പുര, എ ജി സജിമോന്‍, ബൈജു വറവുങ്കല്‍, വിന്‍സന്റ് കട്ടിമറ്റം, ജോര്‍ജ് ജോണ്‍, സുരേഷ് രാജ് എന്നിവര്‍ സംസാരിച്ചു.
മണിപ്പൂരിലെ പീഠനം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു.