Kerala

അർദ്ധരാത്രിക്ക് ശേഷം വീണത് 17 ലക്ഷം വോട്ടുകൾ, ഒരോ വോട്ടിനും വെറും 6 സെക്കൻഡ്; ആന്ധ്രാ മോഡൽ ‘വോട്ട് മോഷണം’ കേരളത്തിലും ആവർത്തിക്കുമോ? രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ ശരിയാകുന്നു

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം തയ്യാറെടുക്കുമ്പോൾ, വോട്ടിംഗ് യന്ത്രങ്ങളുടെ (EVM) വിശ്വാസ്യതയെക്കുറിച്ചും ബി.ജെ.പി-എൻ.ഡി.എ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 2024-ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം നേടിയ വമ്പൻ വിജയത്തിന് പിന്നിലെ ‘അട്ടിമറി’ വിവരങ്ങളാണ് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദഗ്ധർ പുറത്തുവിട്ടത്. ബി.ജെ.പിയുടെ ‘വോട്ട് മോഷണത്തെക്കുറിച്ച്’ (Vote Chori) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ നൽകിയ മുന്നറിയിപ്പുകൾ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
അർദ്ധരാത്രിയിലെ വോട്ടുമഴ; അട്ടിമറിയുടെ കണക്കുകൾ ഇങ്ങനെ:
പ്രമുഖ സാമ്പത്തിക വിദഗ്ധനായ പരകാല പ്രഭാകർ പുറത്തുവിട്ട കണക്കുകൾ ആരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. പോളിംഗ് സമയം കഴിഞ്ഞ്, അർദ്ധരാത്രി 11.45-നും പുലർച്ചെ 2 മണിക്കും ഇടയിൽ മാത്രം പോൾ ചെയ്യപ്പെട്ടത് 17 ലക്ഷം വോട്ടുകളാണ് (ആകെ വോട്ടിന്റെ 4.16%). രാത്രി 8 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിൽ 52 ലക്ഷം വോട്ടുകൾ വീണു. ഈ വോട്ടുകളെല്ലാം എൻ.ഡി.എ സഖ്യത്തിനാണ് ലഭിച്ചതെന്നതാണ് ഏറ്റവും വലിയ ദുരൂഹത.
ഒരു വോട്ടിംഗ് യന്ത്രം റീസെറ്റ് ചെയ്യാൻ ചുരുങ്ങിയത് 14 സെക്കൻഡ് സമയം ആവശ്യമാണ്. എന്നാൽ അർദ്ധരാത്രിക്ക് ശേഷം വെറും 6 സെക്കൻഡുകൾക്കുള്ളിൽ വരെ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്! ഒരാൾക്ക് പോളിംഗ് ബൂത്തിൽ കയറി വോട്ട് ചെയ്ത് പുറത്തിറങ്ങാൻ എങ്ങനെ 6 സെക്കൻഡ് മതിയാകുമെന്ന് പരകാല പ്രഭാകർ ചോദിക്കുന്നു.
പോളിംഗ് ശതമാനത്തിലെ മായാജാലം
വോട്ടെടുപ്പ് ദിവസം വൈകുന്നേരം 5 മണിക്ക് ആന്ധ്രാപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിച്ച പോളിംഗ് ശതമാനം 68.04% ആയിരുന്നു. രാത്രി 11.45 ആയപ്പോൾ അത് 76.50% ആയി ഉയർന്നു. എന്നാൽ നാല് ദിവസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ കണക്കിൽ പോളിംഗ് ശതമാനം 81.79% ആയി കുതിച്ചുയർന്നു!
‘ഇരുട്ടിൽ ജനാധിപത്യത്തിന് പ്രവർത്തിക്കാനാകില്ല’
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രൂക്ഷമായി വിമർശിച്ചു. ഓരോ ബൂത്തിലും എത്ര വോട്ടുകൾ പോൾ ചെയ്തു എന്ന് വ്യക്തമാക്കുന്ന ‘ഫോം 17C’ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് മറച്ചുവയ്ക്കുന്നു എന്ന് അദ്ദേഹം ചോദിച്ചു. വോട്ടർ പട്ടികകൾ പരിശോധനയ്ക്ക് വിധേയമാക്കാത്തതും വലിയ അട്ടിമറിക്ക് വഴിയൊരുക്കുന്നു. രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന ഇതേ ആശങ്കകൾ തന്നെയാണ് പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാണിക്കുന്നത്. “സുതാര്യതയോടുള്ള എതിർപ്പ് വലിയൊരു ഭരണഘടനാ പ്രതിസന്ധിയാണ് കാണിക്കുന്നത്. ഇരുട്ടിൽ ജനാധിപത്യത്തിന് പ്രവർത്തിക്കാനാകില്ല,” അദ്ദേഹം വ്യക്തമാക്കി. വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഡിറ്റ് വേണമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ബൂത്ത് തലത്തിൽ സീൽ ചെയ്ത ഫോം 17C-യിലെ കണക്കുകളും പിന്നീട് പുറത്തുവരുന്ന കണക്കുകളും തമ്മിൽ എങ്ങനെ വ്യത്യാസമുണ്ടാകുന്നു എന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി ചോദിച്ചു. തിരഞ്ഞെടുപ്പ് രേഖകളുടെ സമഗ്രമായ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ, ജനാധിപത്യ വിശ്വാസികൾ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള ഈ വാർത്തകൾ നൽകുന്ന മുന്നറിയിപ്പ്. കൃത്യമായ കണക്കുകൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. വോട്ട് മോഷണത്തിനെതിരെ കോൺഗ്രസും ഇൻഡ്യാ സഖ്യവും നടത്തുന്ന പോരാട്ടങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് ഒന്നുകൂടി ഉറക്കെ വിളിച്ചുപറയുന്നതാണ് ആന്ധ്രയിലെ ഈ വോട്ടിംഗ് കണക്കുകൾ.