നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ ആ‍ക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 31 ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിനു വേണ്ടി ഇനി അന്വേഷണസംഘം അവധി നീട്ടിചോദിക്കില്ലെന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ലെന്നുമാണ് സൂചന. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയക്കുറവുള്ളതു കൊണ്ടും ഉന്നത സമ്മര്‍ദ്ദമുള്ളതു കൊണ്ടുമാണ് ഈ നീക്കത്തിന് ക്രൈംബ്രാഞ്ച് മുതിരുന്നത് എന്നാണ് സൂചന. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കിയേക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. തെളിവ് നശിപ്പിച്ചതിനെതിരേയും, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി മാറ്റാനും ഹൈക്കടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതും ഇതിനെ മറികടന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ വന്നതും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാവ്യ മാധവന്‍ സാക്ഷി സ്ഥാനത്ത് തന്നെ തുടരും. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്.

Leave a Reply