കൊല വിളി പ്രസംഗത്തിൽ മൗനം പാലിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് അപലപനീയം

പി സി ജോർജിനെ തെറി പറയാൻ ഇന്നും മതേതര കേരളത്തിൻ്റെ വക്താവ് വി ഡി സതീശൻ മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നു .പി സി ജോർജിന് ജാമ്യം ലഭിച്ചത് സർക്കാരിൻ്റെ നാടകത്തിൻ്റെ ഭാഗമാണന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ കുറച്ച് ദിവസങ്ങളായി പൊതു സമൂഹം വിമർശിക്കുന്ന കൊലവിളി മുദ്രാവാക്യം നടത്തിയ കുട്ടിക്കെതിരെയോ അവനെ അവിടെ കൊണ്ടുവന്നവർക്കെതിരെയോ, ആ റാലിയുടെ സംഘാടകർക്കെതിരെയോ സതീശൻ ഒരക്ഷരം പോലും ഉരിയാടിയില്ല .കോടതി പോലും തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ പോപ്പുലർ ഫ്രണ്ടിൻ്റെ റാലിക്ക് അനുമതി നൽകിയ സർക്കാർ നടപടി പോലും വിമർശിക്കാൻ മതിയായ സംഭവമാണ്. എന്നാൽ അതിന് ശേഷം ആ സമ്മേളനത്തിൽ നിന്നുയർന്ന കൊലവിളിക്കെതിരെ പോലും രംഗത്ത് വരാനുള്ള ധൈര്യം വീഡി സതീശന് ഇല്ലാതെ പോയി എന്നത് കോൺഗ്രസിൻ്റെ അവസ്ഥയെയാണ് കാണിക്കുന്നത്.
കൊല വിളി പ്രസംഗത്തിൽ മൗനം പാലിക്കുന്ന സതീശൻ പാലാ ബിഷപ്പ് തൻ്റെ ജനത്തിന് നൽകിയ മുന്നറിയിപ്പിനെ വളച്ചൊടിച്ച് അദ്ദേഹം മതേതരത്വം തകർത്തെന്ന ധ്വനി പരത്തി കേരളം മുഴുവൻ ഓടി നടന്നത് എല്ലാവരും കണ്ടതാണ്. ആ വിഷയം കെട്ടടങ്ങിയെന്ന് വന്ന അവസരത്തിൽ അത് കുത്തി പൊക്കി വീണ്ടും അന്തരീക്ഷത്തിൽ നിർത്തിയതും സതീഷനാണ്.കല്ലറങ്ങാട്ടു പിതാവ് നല്ല ഉദ്ദേശത്തിൽ നടത്തിയ പ്രസംഗം വിവാദമാക്കാൻ കാണിച്ചതിൻ്റെ പകുതി ആവേശം കൊലവിളി പ്രസംഗത്തിനെതിരെ സംസാരിക്കുന്നതിൽ കാണിക്കാമായിരുന്നു.ഈ ഇരട്ടത്താപ്പ് സമീപനം തികച്ചും അപലപനീയമാണ് .