യൂത്ത് ഫ്രണ്ട് മാര്‍ച്ചില്‍
ചൂട്ടുകറ്റ കത്തിച്ച പ്രതിഷേധം ശ്രദ്ധേയമായി

ചെറുതോണി : കുടിയേറ്റ കാലത്ത് മലമ്പാതകളില്‍ കര്‍ഷകര്‍ വെളിച്ച വിളക്കായി ഉപയോഗിച്ചിരുന്ന ചൂട്ടുകറ്റകള്‍ കത്തിച്ചുള്ള യൂത്ത് ഫ്രണ്ട് (ജോസഫ്) പ്രതിഷേധം സര്‍ക്കാരിനുള്ള മുന്നറിയിപ്പായി. ഭൂപ്രശ്‌ന വിഷയത്തില്‍ യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ഇടുക്കി താലൂക്ക് ഓഫീസ് മാര്‍ച്ചിലാണ് പ്രതീകാത്മക പ്രധിഷേധമായി ചൂട്ടുകറ്റകള്‍ കത്തിച്ചത്. ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും കണ്ണ് തുറപ്പിക്കുന്നതിനായാണ് ചൂട്ടുകറ്റ കത്തിച്ച പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയോടുള്ള നിരന്തരമായ അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കാത്ത പക്ഷം എരിയുന്ന ചൂട്ടുകറ്റകളില്‍ ധാര്‍ഷ്ഠ്യ സര്‍ക്കാര്‍ എരിഞ്ഞമരുക തന്നെ ചെയ്യുമെന്ന് താലൂക്ക് ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ച് നടത്തിയ ചൂട്ടുകറ്റ കത്തിക്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ പറഞ്ഞു.