നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തും. ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ പേരിൽ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണനിരോധന ഉത്തരവ് പിൻവലിക്കുക, സി.എച്ച്.ആറിൽ സമ്പൂർണ നിർമ്മാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകൾ ബഫർസോണിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീ സർവ്വേ അപാകതകൾ പരിഹരിക്കുക, പട്ടയം നൽകാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, പരീക്ഷ, വിവാഹം , മരണം തുടങ്ങിയവ അടിയന്തര കാര്യങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു.