താൻ നിരപരാധിയാണെന്ന് കിരൺ; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
വിസ്മയ കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരണിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അവശ്യപെട്ടു. വിധി സമൂഹത്തിന് പാഠമാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് മാനസാന്തരം ഉണ്ടാകുകയാണെങ്കിൽ ജയിൽവാസത്തോടൊപ്പം മതിയെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. സർവീസ് ചട്ടവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.
എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛനും അമ്മയും രോഗികളാണെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരൺ കോടതിയെ അറിയിച്ചു. അതേസമയം, ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ല. പ്രതി ജീവപര്യന്തത്തിനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.