സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീംകോടതി; നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിർബന്ധമായും നിലനിർത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ മേഖലയിൽ ഒരുതരത്തിലുള്ള വികസന-നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. നിലവിൽ , ഈ മേഖലയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ അതത്‌ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാൻ കഴിയൂവെന്നും കോടതി ഉത്തരവിട്ടു.ഈ ഉത്തരവ് പുറത്തുവന്നതോടെ, അതിന്റെ തിക്തഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്നേക്കാവുന്ന പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്.വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെമുന്നിലുള്ള ടി.എൻ. ഗോദവർമൻ തിരുമുൽപ്പാടിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നിർദേശം. രാജസ്ഥാനിലെ ജാംവ രാംഗഢ്‌ വന്യജീവിസങ്കേതത്തിൽ നടത്തിയ ഖനനത്തിന്റെ നഷ്ടപരിഹാരം കണക്കാക്കണമെന്നും കേന്ദ്ര ഉന്നതാധികാര സമിതിയോട് കോടതി നിർദേശിച്ചു.

പ്രധാന നിർദേശങ്ങൾ

• ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനാതിർത്തിയിൽനിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമായും വേണം.

• പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട 2011 ഫെബ്രുവരി ഒൻപതിലെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.

• ഇത്തരം പ്രദേശങ്ങളിൽ നിലവിൽ ഒരു കിലോമീറ്ററിലധികം ബഫർസോൺ ഉണ്ടെങ്കിൽ അതേപടിതന്നെ തുടരണം.

• ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം അനുവദിക്കില്ല.

• പരിസ്ഥിതിലോല മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാരുടെ അനുമതിയോടുകൂടിയേ പാടുള്ളൂ. ഇതിന് ആറുമാസത്തിനുള്ളിൽ അനുമതി തേടണം.

• പരിസ്ഥിതിലോല മേഖലയ്ക്കുള്ളിൽ വ്യവസായശാലകളോ മറ്റു സ്ഥിരം നിർമിതികളോ അനുവദിക്കില്ല.

• സംരക്ഷിത വനമേഖലയുടെ അനുബന്ധമായുള്ള പരിസ്ഥിതലോല പ്രദേശങ്ങളിൽ നിലവിലുള്ള നിർമിതികളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണം.

• റിപ്പോർട്ട് തയ്യാറാക്കാൻ ഉപഗ്രഹചിത്രീകരണത്തിനും ഡ്രോണുകൾ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാനും അതതു സംസ്ഥാനസർക്കാരുകളുടെ സഹായംതേടാം.

പരിസ്ഥിതി ലോല മേഖലയിൽ ഒരു തരത്തിലുള്ള വികസന – നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉൾപ്പടെ ത്രിതല പഞ്ചായത്തുകളുടെ പോലും വികസന പദ്ധതികൾക്ക് ഇനി പ്രത്യേക അനുമതി വേണ്ടി വരും.

ഒരു കിലോമീറ്റർ ദൂരപരിധി എന്നത് ആകാശ ദൂരമാണ്. അതോടൊപ്പം ആശങ്ക ജനിപ്പിക്കുന്ന വസ്തുത പട്ടയം കിട്ടാനുള്ള കർഷകരുടെ കാര്യമാണ്.നൂറുകണക്കിന് കർഷകർക്കാണ് പട്ടയം കിട്ടാനുള്ളത്. പട്ടയ നടപടികൾക്കായി കഴിഞ്ഞയിടെ സർവേ ജോലികൾ തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. മുമ്പ് വിതരണം ചെയ്ത പട്ടയങ്ങൾക്ക് നിയമ സാധുത നഷ്‌ടപ്പെട്ടതിനാൽ ഇത്തവണ ശരിയായ പട്ടയം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.ഇക്കാരണങ്ങളാൽ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നേക്കും. ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വിവിധ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. രാഷ്ട്രീയ കക്ഷികൾ പ്രതിഷേധത്തിന്റെ മുൻനിരയിലേക്ക് എത്തുമെന്നും ഉറപ്പാണ്. കർഷക സംഘടനകൾ എതിർപ്പുമായി സജീവമായ്ക്കൊണ്ടിരിക്കുകയാണ്. മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രതിഷേധം ശക്തമാകുമെന്നാണ് സൂചനകൾ.
സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാൻ നിയമ നിർമാണം ഉൾപ്പടെ എന്താണ് അനുയോജ്യമായ മാർഗമെന്ന് വിവിധ കോണുകളിൽ നിന്ന് പരക്കെ ആലോചന ഉയരുന്നുണ്ട്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ നേതൃത്വവുമായി ഇക്കാര്യം ആലോചിക്കുകയാണ്. സംസ്ഥാന സർക്കാരിൽ നിന്നും ഉടനെ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് ഭരണ കക്ഷി നേതാക്കൾ പറയുന്നത്

Leave a Reply