അവബോധത്തിന്റെ കുറവല്ല നിയമം പാലിക്കുന്നതിലെ വിമുഖതയാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

മലപ്പുറം: അവബോധത്തിന്റെ കുറവല്ല നിയമം പാലിക്കുന്നതിലെ വിമുഖതയാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ വളാ‍ഞ്ചേരി എം.ജി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഫാർമസിയിൽ നടത്തിയ റോഡ് സുരക്ഷാ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയംനിയന്ത്രിതമായ ഒരു സാമൂഹികാന്തരീക്ഷം വളർത്തിയെടുത്താലേ വാഹനാപകടങ്ങളും​ ലഹരി ഉപയോഗവുമെല്ലാം കുറയ്ക്കാനാവൂ. ട്രാഫിക് സിഗ്നലിന്റെ മുന്നിൽ ഒരുമിനിറ്റ് പോലും കാത്തുനിൽക്കാൻ ക്ഷമയില്ലാത്തവരായി നമ്മൾ മാറുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ യുവതലമുറ മാതൃകയാവണം. നിയമലംഘനങ്ങൾ കണ്ടാൽ ചൂണ്ടിക്കാട്ടാനുള്ള ധൈര്യം കാണിക്കണമെന്നും എം.എൽ.എ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ.ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. തിരൂർ ജോയിന്റ് ആർ.ടി.ഒ എം.അൻവർ മുഖ്യാതിഥിയായി. എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധൻ, വാർഡംഗം ലുബി റഷീദ്,​ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്,​ കേരളകൗമുദി യൂണിറ്റ് ചീഫ് എ.ടി.നാരായണൻ,​ സീനിയർ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് സുബ്രഹ്മണ്യൻ പൊറ്റശ്ശേരി എന്നിവ‌ർ പ്രസംഗിച്ചു. എ.എം.വി.ഐ കെ.സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസെടുത്തു. വിവിധ രംഗങ്ങളിലെ മികവിന് കേരള കൗമുദിയുടെ ഉപഹാരം ടെക്‌നോ സ്‌കിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജയപ്രകാശ് അരിംബൂത്ത്, ഡോട്ട് അക്കാദമി മാനേജിംഗ് ഡയറക്ടർമാരായ ടി. ഷിജു, ബിജു വില്ലോടി, ജാം ജൂം ബിസിനസ് ഗ്രൂപ്പ് ചെയർമാൻ പി.കെ.അബ്ദുൽ അസീസ് എന്നിവർക്ക് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്മാനിച്ചു.

Leave a Reply