ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും: പി.സി. ജോർജ്
വി.എസ്. അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്നു വിളിച്ച ഫാരിസ് അബൂബക്കർ, കഴിഞ്ഞ ആറുവർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണെന്നു ജനപക്ഷം നേതാവ് പി.സി. ജോർജ് ആരോപിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനു 2009ൽ കോഴിക്കോട് ലോക്സഭാ സീറ്റ് നൽകുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഫാരീസാണെന്നും പി.സി. ജോർജ്. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിനും ഫാരീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
2004ൽ മലപ്പുറം സിപിഎം സംസ്ഥാന സമ്മേളനം മുതൽ ഫാരിസിന്റെ നിയന്ത്രണം സിപിഎമ്മിൽ പ്രകടമാണ്. അന്നുമുതൽ ഇന്നുവരെയും പിണറായിയുടെ മെന്റർ ആണ് ഫാരിസ് അബൂബക്കർ. സംസ്ഥാനഭരണത്തിൽ പിണറായി എടുക്കുന്ന ഏതു തീരുമാനവും ഫാരിസിന്റേതാണ്. ഇത്തരം ഷാഡോ ക്യാരക്റ്റേഴ്സുമായി ബന്ധം പുലർത്താൻ പാടില്ലെന്ന് വി.എസിന്റെ പരാതിയിൽ പോളിറ്റ് ബ്യൂറോ പിണറായിക്ക് നിർദേശം നൽകിയിരുന്നെങ്കിലും അന്നു മുതൽ ഇന്നുവരെയും പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം സുഗമമായി തുടരുന്നു.
ഈ കാര്യങ്ങൾ താൻ പുറത്തു പറയാൻ പോകുന്നു എന്ന തിരിച്ചറിവാണ് തനിക്കെതിരേയുള്ള പീഡനക്കേസും, അറസ്റ്റും ഞാൻ പത്രസമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇഡി ആവശ്യപ്പെട്ടാൽ മൊഴി നല്കും. തിരിമറികളുടെയും നിഗൂഢതകളുടെയും കൂടാരമാണ് വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം. മുന്പ് ജോലി ചെയ്തിരുന്ന സ്ഥാപനം വീണക്കെതിരേ നിയമനടപടിക്ക് തയാറെടുക്കുന്നുവെന്നാണ് അറിയുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.