മരിയ സദനം കേഴുന്നു. സർക്കാരിൻ്റെ  മനസലിവിനായി,430 ഈശ്വരന്‍മാരുടെ നേരനുഗ്രഹത്തിന് സാക്ഷ്യം വഹിക്കൂ…..

പ്രതിസന്ധിയിലാണ് പാലാ മരിയസദനിലെ ഒരോ അന്തേവാസിയുടെയും ജീവിതം. സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതോടെയാണ് അഗതിമന്ദിരങ്ങളുടെ നിലനില്‍പ്പ് പരുങ്ങലിലായത്. സംസ്ഥാനത്തെ തന്നെ എറ്റവും വലിയ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ പാലാ മരിയസദന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. റേഷന്‍ വിഹിതം കൂടി ഇല്ലാതായതോടെ പ്രതിസന്ധിയുടെ  ആക്കം വര്‍ധിക്കുകയാണ്.

 ”നാളെ നേരംവെളുത്താല്‍ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സര്‍ക്കാരിന്റെ റേഷന്‍ സഹായത്താലും  ഉദാരമതികളുടെ കാരുണ്യത്താലുമാണ് മരിയസദന്‍ പിടിച്ചുനിന്നത്. റേഷന്‍ വിഹിതമായി 1200 കിലോ അരിയും 800 കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നത്. രണ്ടുമാസമായി റേഷന്‍ വിഹിതം കിട്ടുന്നില്ല. എനിക്ക് വിശന്നാലും ഇവിടുത്തെ മക്കള്‍ക്ക് വിശക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.” ആശങ്കകള്‍ക്കിടയില്‍ ഇതുപറയുമ്പോള്‍ മരിയസദന്‍ സന്തോഷിന്റെ മിഴി നിറഞ്ഞു.

430 അന്തേവാസികളും 32 വോളണ്ടിയേഴ്‌സുമാണ് ഇവിടെ ഉള്ളത്. അന്തേവാസികളില്‍ 140 പേര്‍ സ്ത്രീകളാണ്. 30 പേര്‍ കുട്ടികളും. ഒരു ദിവസം ഭക്ഷണത്തിനുതന്നെ അറുപതിനായിരത്തോളം രൂപാ ചെലവാകും. മാനസിക രോഗികള്‍, കിടപ്പ് രോഗികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മരുന്നിന്റെ ചിലവുകള്‍ വേറെ. മൂന്നര ലക്ഷത്തിലധികം രൂപാ മരുന്നിനായി മാത്രം ഒരു മാസം ചിലവാകം. കറന്റുചാര്‍ജ്ജ് അടക്കം  മറ്റു ചിലവുകളും.

മാനസിക വെല്ലുവിളി നേരിടുന്നവരും മദ്യത്തിന് അടിമയായി ചികില്‍സയില്‍ കഴിയുന്നവരും 60 വയസ്സിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുമാണ് ഇവിടുത്തെ അന്തേവാസികള്‍.  ഭക്ഷണവും മരുന്നും മുടങ്ങിയാല്‍ ആക്രമണ സ്വഭാവം കാണിക്കുന്നവര്‍ പോലും ഇതിലുണ്ട്. ഇവരെയെല്ലാം ചേര്‍ത്ത് പിടിച്ച് മുന്‍പോട്ട് പോകുമ്പോഴും ദൈവമേ… പട്ടിണി വരുത്തല്ലേയെന്ന് മാത്രമാണ് മരിയ സദന്‍ സന്തോഷിന്റെയും കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥന. നമുക്കും ഇവരോട് ചേർന്നു നിൽക്കാം…. വിശപ്പല്ലേ സഹോദരാ ഏറ്റവും വലിയ ദു:ഖം.; അവരുടെ വിശപ്പറ്റാൻ നമുക്കു കഴിഞ്ഞാൽ അതു നമ്മുടെ പുണ്യം, ദൈവത്തിൻ്റെ കണക്കു പുസ്തകത്തിൽ നമുക്കായി ഒരു അനുഗ്രഹക്കുറിപ്പും….

മരിയസദനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ഡയറക്ടര്‍ സന്തോഷ് ജോസഫിനെ ഉടന്‍ ഒന്നു വിളിക്കണേ. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുളള വസ്തുവകകളെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ എത്രയോ വലിയ പുണ്യം. ഫോണ്‍: 9961404568.

Leave a Reply