സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച ശേഷം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവർക്ക് പെന്‍ഷനില്ല; കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച ശേഷം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പെന്‍ഷന്‍ തടഞ്ഞുവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു. കെഎസ്ആര്‍ മൂന്നാം ഭാഗത്തില്‍ 2,3,59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന് ഉത്തരവിലൂടെ ഭേദഗതി ചെയ്തത്.വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയോ ചെയ്താല്‍ ഈ വിവരം ജയില്‍ സൂപ്രണ്ട്/എസ്എച്ച്ഒ/ ജില്ലാതല നിയമ ഓഫീസര്‍ എന്നിവര്‍ ട്രഷറി ഡയറക്ടറെ അറിയിക്കണം. വിധിന്യായത്തിന്റെ പകര്‍പ്പും പെന്‍ഷറുടെ വിശദവിവരവും ട്രഷറി ഡയറക്ടര്‍ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതയില്‍ പറയുന്നു.

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം പിഎസ് സിയുമായി കൂടിയാലോചിച്ചാണ് പെന്‍ഷന്‍ തടയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. എത്രകാലത്തേക്ക് ശിക്ഷ വേണമെന്നും ഉത്തരവ് പുറപ്പെടുവിക്കും. സര്‍വീസ് കാലത്ത് വരുത്തിയ സാമ്പത്തിക നഷ്ടം പെന്‍ഷനില്‍ നിന്ന് ഈടാക്കാനും വ്യവ്സ്ഥകളും ഭേദഗതിയിലുണ്ട്. നിലവില്‍ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയില്‍ നിന്നാണ് സാമ്പത്തിക നഷ്ടം ഈടാക്കുന്നത്.സര്‍വീസിലിരിക്കുമ്പോള്‍ ആരംഭിച്ച വകുപ്പുതല നടപടികള്‍ വിരമിക്കുമ്പോഴും തീര്‍പ്പാക്കിയില്ലെങ്കില്‍ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിക്കാം. വിരമിച്ച ശേഷമാണ് സര്‍വീസ് കാലത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ നടപടിയെടുക്കണം. ഇതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്നും വ്യവസ്ഥയുണ്ട്.