‘കറിപൗഡറില്‍ എല്ലാം വിഷമാണ്’; പരിശോധനയില്‍ എല്ലാം വ്യാജമെന്ന് കണ്ടെത്തിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്‍. കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രസ്താവന.
‘കറി പൗഡറിനെപ്പറ്റി ഇപ്പോള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ എല്ലാം വിഷമാണ്. ഒറ്റയൊന്നും ബാക്കിയില്ല. വലിയ പ്രചാരണം ഒക്കെയാണ് എല്ലാവരും നടത്തുന്നത്. പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വസത്തോട് കൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍’ മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ വളരെ വില കുറവാണ്. ആദായകരമായ നിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കിട്ടത്തക്ക രീതിയില്‍ വില നിശ്ചയിക്കാന്‍ നമുക്ക് സാധിക്കും. ആ വില നിശ്ചയിക്കുമ്പോള്‍ ലോകത്തിലെവിടെയുമുള്ള മാര്‍ക്കറ്റിലെ ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണം. കഴിഞ്ഞ പ്രാവശ്യം ഓണത്തിന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.