കോണ്‍ഗ്രസ് തകരും: 2024 ല്‍ 400 ലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തും, അവകാശവാദവുമായി ബിജെപി

രണ്ടര വർഷത്തിലേറെ ഇനിയും സമയം ഉണ്ടെങ്കിലും 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള നീക്കങ്ങള്‍ ബി ജെ പിയും പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ബിഹാറില്‍ നിതീഷ് കുമാർ ബി ജെ പി സഖ്യം ഉപേക്ഷിച്ച് ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിയത് അടക്കമുള്ള നീക്കങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിനോട് ചേർത്ത് വായിക്കുന്നവരുമുണ്ട്. 2019 ലേതിനേക്കാള്‍ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തി ബി ജെ പിയെ വീഴ്ത്താനാണ് കോണ്‍ഗ്രസ് ശ്രമം. പ്രാധാനമന്ത്രി പദം ലക്ഷ്യം വെക്കുന്ന ഒന്നിലേറെ നേതാക്കള്‍ പ്രതിപക്ഷത്ത് ഉണ്ടെങ്കിലും ആദ്യം സഖ്യ രൂപീകരണം പിന്നീട് മറ്റ് തരത്തിലുള്ള ചർച്ചകള്‍ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതേസമയം കോണ്‍ഗ്രസ് എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയാലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വമ്പിച്ച വിജയം നേടുമെന്നാണ് കർണാടകയില്‍ നിന്നുള്ള മുതിർന്ന പാർട്ടി നേതാവ് സിടി രവി അഭിപ്രായപ്പെടുന്നത്. ഗോവയില്‍വെച്ച് മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

 കുടുംബവാഴ്ചയോടുള്ള കോൺഗ്രസിന്റെ അഭിനിവേശം പാർട്ടിയെ അതിന്റെ പൂർണ്ണ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോൺഗ്രസിന് ഇപ്പോള്‍ നിതി (നയം), നേതാ (നേതാവ്), നിയത്ത് (ഉദ്ദേശ്യം) എന്നിവയില്ല. ഇന്ത്യയിലുടനീളം ബി ജെ പി 400 കടക്കും. കാരണം ഞങ്ങള്‍ക്ക് വ്യക്തമായ നയവും നേതാവും ഉദ്ദേശ്യവും ഉണ്ട്. കോൺഗ്രസ് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങൾ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു, “രവി ഗോവയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു