സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്‍റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ റേഷന്‍ കാർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്.
വിതരണം ആഗസ്റ്റ് 23-നു തന്നെ ആരംഭിക്കുകയും ചെയ്യും. ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയ്യതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം.
ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 87 ലക്ഷം റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.
500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്പെഷ്യലായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭിക്കും