പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവര്‍ കുത്തിവയ്പ്പ് മുന്‍കൂര്‍ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനില്‍ നിലവില്‍ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ്.

നായ്ക്കള്‍ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവര്‍ മുന്‍കൂര്‍ വാക്സീന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗന്‍ദീപ് കാങ് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍, കടിയേറ്റ ശേഷം വാക്സീന്‍ നല്‍കുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീന്‍ എടുക്കുമ്ബോള്‍ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീന്‍ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയില്‍ പ്രധാനമാണെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു. വാക്സീന്‍ ഗുണനിലവാരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗന്‍ദീപ് കാങ് വ്യക്തമാക്കി.-