പഴയ പത്രത്തിന് ‘പൊന്നും വില’; കടലാസ് കയറ്റുമതി സര്‍വകാല റെക്കോഡില്‍

കൊച്ചി: പഴയ പത്രത്തിന്‍റെ ഇപ്പോഴത്തെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ.ഇടയ്ക്ക് 32-33 രൂപ വരെ വര്‍ധിക്കുകയും ചെയ്തു. കൊവിഡിന് മുമ്ബ് കിലോഗ്രാമിന് 10-13 രൂപയായിരുന്ന പഴയ പത്രത്തിന്‍റെ വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ കടലാസുകളുടെ കടുത്ത ക്ഷാമമാണ് പഴയ പത്രങ്ങളെ ‘സ്വര്‍ണ്ണ വില’യിലേക്ക് എത്തിച്ചത്.

കടലാസ് ക്ഷാമം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം പഴയ പത്രം, പേപ്പര്‍, കാര്‍ട്ടണ്‍ ബോക്സുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ ഇ-കൊമേഴ്സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വീടുകളില്‍ എത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്. പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചെലവേറിയതാക്കി മാറ്റിയിട്ടുണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധവും പേപ്പര്‍ നിര്‍മ്മാണത്തെയും ബാധിച്ചു.

ഇതിനുപുറമെ, ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്‌സ് നിര്‍മിക്കുന്നുതിനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കടലാസ് കയറ്റുമതിയും വന്‍തോതില്‍t ഉയര്‍ന്നു.