സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു

പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു ജിഗ്സോ പസിൽ. പിന്നീടു സ്ലോ പെഡൽസ് എന്ന ബാൻഡിലെ അംഗമായി.

ഫ്രോസൺ, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്. കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം ചെയ്തു. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചു.