‘എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്’; നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം നല്‍കണം. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം.

കടിയേറ്റ ദിവസവും തുടര്‍ന്ന് മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം. വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക. മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്. പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.