ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സിൻ ഒരു ബാച്ച് വിതരണം നിർത്തി

തിരുവനന്തപുരം: ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സിൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സിനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചു. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സിനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻറെ വെയർ ഹൗസുകൾക്ക് രേഖാമൂലം നിർദേശം നൽകി.തിരിച്ചെടുക്കുന്ന KB21002 ബാച്ചിൽ ഉൾപ്പെട്ട വാക്സിനടക്കമുള്ളത് ലേബൽ ചെയ്ത് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശം ഉണ്ട്. ഇവ തിരിച്ചെടുത്ത് കഴിയുന്ന മുറയ്ക്കാകും വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെൻട്രൽ ഡ്രഗസ് ലബോറട്ടറിയിലേക്ക് അയക്കുക. ഇതിനുള്ള നിർദേശം സർക്കാർ ഡ്രഗസ് കൺട്രോളർ വകുപ്പിന് നൽകിയിട്ടുണ്ട്.573 സർക്കാർ ആശുപത്രികൾ വഴിയാണ് നിലവിൽ പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നത്. സർക്കാർ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനത്തെ കുറിച്ച് ഡ്രഗ്സ് കൺട്രോളർ വകുപ്പോ ആരോഗ്യ വകുപ്പോ പരിശോധിക്കുന്നില്ല. ഈ സ്ഥലങ്ങളിലെല്ലാം വാക്സിൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനം കുറ്റമറ്റതാണോ എന്നതിൽ വ്യക്തത ഇല്ലെന്നും ഇതുകൂടി കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.-