ഡിജിറ്റൽ സർവേ :ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ഉടമയുടെ മൊബൈലിലെത്തും
ഒരു പ്രദേശത്തു ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിനു പിന്നാലെ ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും പ്ലാനും ഉടമയ്ക്കു മൊബൈൽ ഫോണിൽ ലഭ്യമാക്കും. ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടം 200 വില്ലേജുകളിൽ കേരളപ്പിറവി ദിനത്തിൽ തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. എട്ടു മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിലും അടുത്ത 200 വില്ലേജുകളാണു തെരഞ്ഞെടുക്കുക.
ഡിജിറ്റൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു ഭൂമിയുടെ അതിരു തിരിച്ചുള്ള സ്കെച്ചും പ്ലാനും ഉടനടി ഭൂ ഉടമയ്ക്കു നൽകുന്നതിനാണു തീരുമാനം. എന്നാൽ, അതിർത്തി സംബന്ധിച്ചു സിവിൽ കോടതികളിൽ അടക്കം തർക്കം നിലനിൽക്കുന്ന ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തേണ്ടതില്ലെന്നും റവന്യു വകുപ്പ് തീരുമാനിച്ചു. ഓരോ വില്ലേജിലും വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നാലോ അഞ്ചോ സംഘങ്ങളാകും ഡിജിറ്റൽ സർവേ നടത്തുക.
ഒരു ദിവസം ഒരു സംഘത്തിന് ആറു ഹെക്ടർ ഭൂമി വരെ സർവേ നടത്താൻ കഴിയുമെന്നാണ് പരീക്ഷണ സർവേയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ വില്ലേജിലായിരുന്നു പരീക്ഷണ സർവേ നടത്തിയത്. ആദ്യ ദിവസങ്ങളിൽ 4.32 ഹെക്ടർ ഭൂമി അളന്ന സംഘം തുടർ ദിവസങ്ങളിൽ 6.43 ഹെക്ടർ ഭൂമിയിൽ വരെ ഡിജിറ്റൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിരുന്നു. സർവേയറും ഹെൽപ്പറുമടങ്ങിയ രണ്ടംഗ സംഘമാണ് ഡിജിറ്റൽ സർവേയ്ക്ക് എത്തുക. ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചിനൊപ്പം കടലാസ് രൂപരേഖകൂടി ഉടമയ്ക്കു നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്.
ഗ്രാമസഭയിൽ അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. കയ്യേറ്റങ്ങളോ മറ്റോ ചൂണ്ടിക്കാണിച്ചാൽ ഇതിലും സർവേ നടത്തി തീരുമാനമെടുക്കും. റോബോട്ടിക്സ് ടോട്ടൽ സ്റ്റേഷൻ, ആർടികെ റോവർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഡിജിറ്റൽ സർവേയ്ക്കായി ഉപയോഗിക്കുക. എത്തിച്ചേരാൻ കഴിയാത്ത മേഖലകളുണ്ടെങ്കിൽ ഡ്രോണ് ഉപയോഗിച്ചുള്ള അളവുമുണ്ടാകും.