ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍തുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ കുറിച്ചും സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവര്‍ക്കും 45.9 ലക്ഷം രൂപ ഫീസായി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.   ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ രാജ്ഭവന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടുന്നു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ല. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള സാധ്യതയ്ക്കായി സര്‍ക്കാര്‍ നിയമോപദേശം തേടിയത്. നിയമ ഉപദേശം നല്‍കുന്നതിന് ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. നരിമാന്റെ ജൂനിയര്‍മാരും ക്ലര്‍ക്കുമാര്‍ക്കുമായി 15.9 ലക്ഷം രൂപയുമാണ് നല്‍കുന്നത്.