ഹലാൽ മാംസം നിരോധിക്കണം: ബിൽ അവതരിപ്പിക്കാൻ കർണാടക

ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ പൂർത്തിയാകുകയാണ്. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെയാണു പുതിയ നീക്കം.

അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. തിങ്കാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടു ഗവർണർക്ക് രവികുമാർ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരും ബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകി.