കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ 3 ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും

കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ 3 ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും.

അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിൽ പ്രാർഥനകൾക്കു ശേഷം ഇന്നു രാവിലെ ഭൗതികശരീരം ബസിലിക്കയിലേക്കു മാറ്റും. പ്രാദേശിക സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 11.30 വരെ) വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സമയം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്ത്യോപചാരം അർപ്പിക്കാനെത്തും.

വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണി) കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.

ബനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. പുതുവർഷത്തോടനുബന്ധിച്ച് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രത്യേക കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി.