പാഠ പുസ്തകത്തില്‍ നിന്നും ‘പരിണാമ സിദ്ധാന്തം’ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഒമ്പത്, പത്ത് ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് ‘പരിണാമ സിദ്ധാന്തം’ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിണാമസിദ്ധാന്തത്തെപ്പറ്റി മനസിലാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഭൂമിയിൽ ജീവനുണ്ടായതിനെപ്പറ്റിയോ ജീവപരിണാമത്തെപ്പറ്റിയോ അറിയാൻ കഴിയാതെ വരുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായി വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിയാതെ വരുന്നത് കുട്ടികളുടെ ശാസ്ത്ര ചിന്തയെ പിന്നിലാക്കുന്നതിന് കാരണമാകുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പ്രതിഷേധാർഹം
എൻ.സി.ഇ.ആർ.ടി. 9, 10 ക്ലാസ്സുകളിൽ പരിണാമസിദ്ധാന്തം
എന്ന ഭാഗം ഒഴിവാക്കിയത് സംബന്ധിച്ച്
Rationalisation of Content ന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി.യുടെ 9 ലെയും 10 ലെയും പരസ്പരം ബന്ധപ്പെട്ട രണ്ട് പാഠഭാഗങ്ങളാണ് ഒഴിവാക്കിയിട്ടുള്ളത്. 9-ാം ക്ലാസിലെ 7-ാമത്തെ അധ്യായമായ Diversity of Living Organisms ആണ് ഒന്ന്. ജീവികളിലെ variation (ജനിതകമാറ്റങ്ങൾ) ആണ് പരിണാമത്തിലേക്ക് നയിക്കുന്നതെന്ന് 9-ലെ പാഠഭാഗത്തിൽ പറയുന്നുണ്ട്.
ഈ പാഠഭാഗത്തിന് തുടർച്ചയായി വരുന്ന ജീവികളുടെ വർഗീകരണശാസ്ത്രവുമായി ബന്ധപ്പെട്ട 10-ാം ക്ലാസിലെ ഒഴിവാക്കിയ പാഠഭാഗമാണ് Heredity and Evolution. ഇതിലെ Heredity (പാരമ്പര്യം) എന്ന ഭാഗം നിലനിർത്തുകയും എന്നാൽ ജീവികളുടെ പരിണാമത്തെപ്പറ്റിയും ഡാർവിന്റെ പരിണാമസിദ്ധാന്തത്തെപ്പറ്റിയും വിശദീകരിക്കുന്ന Evolution (പരിണാമം) എന്ന ഭാഗവുമാണ് ഒഴിവാക്കിയിട്ടുള്ളത്. Heredity എന്ന ഭാഗവുമായി പരസ്പരബന്ധമുള്ള ഭാഗമാണുതാനും Evolution.
പരിണാമത്തെപ്പറ്റിയും പരിണാമസിദ്ധാന്തത്തെപ്പറ്റിയും മനസിലാക്കുന്നതിന് കഴിയാത്ത കുട്ടികൾക്ക് ഫലത്തിൽ ഭൂമിയിൽ ജീവനുണ്ടായതിനെപ്പറ്റിയോ, ജീവപരിണാമത്തെപ്പറ്റിയോ ശാസ്ത്രീയമായ വിശദീകരണത്തിന് കഴിയാതെ വരും. ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂൾ കുട്ടിക്ക് പുതിയ ജീവിവർഗം എങ്ങനെ ആവിർഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകും.
DNA ഘടനയിൽ കൂടുതൽ പഠനം നടക്കുന്നതും molecular biology ൽ കൂടുതൽ കണ്ടുപിടുത്തം നടക്കുന്നതുമായ ഈ കാലത്ത് ഒരുപാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവോൽപത്തിയെപ്പറ്റിയും ജീവപരിണാമത്തെപ്പറ്റിയും പ്രചരിക്കുന്നതിനും കുട്ടികളിൽ അന്ധവിശ്വാസം വളരാനും ശാസ്ത്രബോധം വളരുന്നതിന് തടസമാകാനും ഈ പാഠഭാഗങ്ങൾ ഒഴിവാക്കുന്നതിലൂടെ കാരണമാകും.
കാലികപ്രസക്തിയുള്ള 9-ാം ക്ലാസിലെ ഒഴിവാക്കിയ മറ്റൊരു പാഠഭാഗമാണ് Why do we fall ill? (Chapter 13) എന്നത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് പ്രയാസം അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ 9-ാം ക്ലാസിലെ മറ്റൊരു യൂണിറ്റാണ്
‘Natural Resources’ (Chapter 14) എന്നത്. ഇങ്ങനെ പ്രാധാന്യമുള്ള 3 പാഠഭാഗങ്ങളാണ് 9-ാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇക്കാര്യത്തിൽ കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ട്. ആ നിലപാടുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.