ക്രെെസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി മോദി , നാടിന്റെ വികസനവും പുരോഗതിയും ചർച്ചയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വെച്ച് ക്രെെസ്തവ സഭാ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി , സഭാ നേതൃത്വത്തിന് എന്ത് കാര്യങ്ങൾക്കും തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷപ്പുമാരെ അറിയിച്ചു. മതമേലധ്യക്ഷൻമാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊർജ്ജമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൂടിക്കാഴ്ച്ചക്കിടെ മത്സ്യമേഖലയ്ക്കായി കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾക്ക് ലത്തീൻ സഭ ആർച്ച് ബിഷപ്പ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. മേഖലയുടെ വളർച്ചയ്ക്ക് സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നും ലത്തീൻ സഭാ ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രധാനമന്ത്രിയും സഭ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ നാടിന്റെ വികസനവും പുരോഗതിയും ചർച്ചയായി. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും പ്രത്യേകമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഇരുവരും വെെകിയതാണ് പ്രത്യേക വിരുന്ന് ഒരുങ്ങുന്നതിലേക്ക് വഴിവെച്ചത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ സഭാധ്യക്ഷന്മാർ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കൊപ്പം കെ സുരേന്ദ്രൻ, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ, എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം മാർത്തോമ സഭ പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ചു. പ്രധാനമന്ത്രിയുട ഓഫീസിൽ നിന്ന് കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ച ശേഷമായിരുന്നു പിന്മാറ്റം.

യുവം പരിപാടിക്ക് ശേഷമായിരുന്നു ബിഷപ്പുമാരുമായുളള മോദിയുടെ കൂടിക്കാഴ്ച. കേരളത്തെ പുകഴ്ത്തിയും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു യുവം വേദിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ‘പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം വേഗത്തില്‍ വളരുമ്പോള്‍ അതില്‍ കേരളത്തിന് പങ്കുണ്ട്. എന്നാല്‍ രണ്ട് മുന്നണികളുടെ തമ്മിലടിയില്‍ കേരളത്തില്‍ അഴിമതി വളരുന്നു. ഒരു പാര്‍ട്ടി സ്വന്തം പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു മറ്റൊന്ന് ഒരു കുടുംബത്തിന്റെ താത്പര്യം സംരക്ഷിക്കുന്നു. അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു