കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച്ബിഷപ് സ്ഥാനത്യാഗം ചെയ്തു

പതിറ്റാണ്ടിലേറെക്കാലം സീറോമലബാർ സഭയെ ധീരമായി നയിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച്ബിഷപ് സ്ഥാനത്യാഗം ചെയ്തു. തക്കല ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ച്ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രഖ‍്യാപനമുണ്ടായത് 2011 മേയ് 26നായിരുന്നു. 29ന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു. സഭയുടെ രണ്ടാമത്തെ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ കാലംചെയ്തതിനെത്തുടർന്നാണ് സഭാ സിനഡ് മാർ ജോർജ് ആലഞ്ചേരിയെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്തത്. സഭയ്ക്ക് മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവി ലഭിച്ചശേഷം സിനഡുതന്നെ തെരഞ്ഞെടുത്ത ആദ‍്യ മേജർ ആർച്ച്ബിഷപ്പാണ് മാർ ആലഞ്ചേരി. പിന്നീട് 2012 ഫെബ്രുവരി 18ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ ആലഞ്ചേരിയെ കർദിനാൾ പദവിയിലേക്ക് ഉയർത്തി.
ചങ്ങനാശേരി തുരുത്തി ആലഞ്ചേരി കുടുംബത്തിൽ പരേതരായ ഫീലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1945 ഏപ്രിൽ 19നായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ ജനനം. തുരുത്തി സെന്‍റ് മേരീസ് സ്കൂളിലും ചങ്ങനാശേരി എസ്ബി കോളജിലുമായി വിദ‍്യാഭ‍്യാസം. 1961ൽ ചങ്ങനാശേരി അതിരൂപതയുടെ സെമിനാരിയിൽ ചേർന്നു. 1972 ഡിസംബർ 18ന് മാർ ആന്‍റണി പടിയറയിൽനിന്ന് പൗരോഹിത‍്യം സ്വീകരിച്ചു. 1997 ഫെബ്രുവരി രണ്ടിന് തക്കല രൂപതയുടെ ആദ‍്യ ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.