റബർ,വന്യജീവി ആക്രമണ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് കെ.ഫ്രാൻസീസ് ജോർജ്.എം.പി.
കഴിഞ്ഞ 12 വർഷമായി നിലനിൽക്കുന്ന റബറിൻ്റെ വിലത്തകർച്ച കർഷകരുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കിയെന്നും സ്വാഭാവിക റബറിൻ്റെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷ നികുതി ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും പാർലമെൻ്റിൽ ശ്രി കെ.ഫ്രാൻസീസ് ജോർജ് എം.പി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിയന്ത്രിതമായ ഇറക്കുമതി ഏതെങ്കിലും പ്രദേശത്തിൻ്റെ സാമ്പത്തിക സാധ്യതകളെ ചുരുക്കുന്നു എന്ന് കണ്ടാൽ WTO വ്യവസ്ഥകൾ പ്രകാരം 1994-ലെ ഗാട്ട് നിയമത്തിലെ 19 (1)A അനുഛേദമനുസരിച്ച് സർക്കാരിന് ഇടപെടാമെന്നും ദൗർഭാഗ്യവശാൽ അത്തരം ഇടപെടലുകൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഇറക്കുമതി ചുങ്കം കൂടാതെ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപന്നമാക്കി കയറ്റുമതി ചെയ്യുന്നതിനും അനുമതിയുളള ഡി ഇ പി ബി പാസ്ബുക്ക് ഉടമസ്ഥരുടെ കയറ്റുമതി ബാധ്യതാ കാലയളവ് 6 മാസത്തിൽ നിന്ന് 12 മാസമായി വർദ്ദിപ്പിക്കാനുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ ശുപാർശ അനുവദിക്കരുതെന്നും അല്ലാത്ത പക്ഷം വ്യാപാരികൾ അനിയന്ത്രിതമായി സ്വഭാവിക റബർ ഇറക്കുമതി ചെയ്യുകയും ഇത് അഭ്യന്തര വിപണിയിൽ വലിയ വിലത്തകർച്ചക്കും പ്രതിസന്ധിക്കും കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണം രാജ്യത്ത് സാർവ്വത്രികമായി നിലനിൽക്കുന്ന പ്രതിസന്ധിയാണെന്നും വന്യജീവികളുടെ ദയാ ദാക്ഷണ്യത്തിൽ ജീവിക്കേണ്ട ഗതികേടാണ് വനമേലയോട് ചേർന്ന് അധിവസിക്കുന്ന കർഷകക്കുള്ളക്കൊന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഊട്ടുന്ന കർഷകനെ അവമതിപ്പോടെ അവഗണിക്കുന്ന രീതിക്ക് മാറ്റമുണ്ടാകണമെന്നും വന്യജീവി സംരക്ഷണ നിയമം കൃത്യവും കാലോചിതവുമായ ഭേദഗതിക്ക് വിധേയപ്പെടു ണമെന്നും ഫ്രാൻസീസ് ജോർജ് ആവശ്യപ്പെട്ടു