തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: സി.പി.എമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ തോൽവി സമ്മതിക്കില്ലെന്ന് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയിൽ നടത്തിയ പ്രതികരണത്തിൽ, മുപ്പത് വർഷത്തിനിടയിൽ യു.ഡി.എഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിതെന്ന് അവകാശപ്പെട്ടു. യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചതിൽ അദ്ദേഹം ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയും, നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ യു.ഡി.എഫിനെ പിന്തുണച്ചതിനാൽ വിജയത്തിൽ ഞെട്ടൽ ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. മധ്യ കേരളത്തിൽ യു.ഡി.എഫ് വിചാരിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായതെന്നും, തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ഇരട്ടിയായതും, 500-ൽ അധികം ഗ്രാമപഞ്ചായത്തുകൾ നേടിയതും ചരിത്ര വിജയമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി യു.ഡി.എഫിനെതിരെ പറഞ്ഞതെല്ലാം സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയെന്നും, സർക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന കുറ്റപത്രം ജനം ചർച്ച ചെയ്തുവെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഈ തിളക്കമാർന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തോറ്റുവെന്ന് സി.പി.ഐ.എമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല, കാരണം അത് ഇ.എം.എസിന്റെ കാലം മുതലുള്ള രീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. താത്വികമായ അവലോകനം നടത്തി പറയാൻ എം.വി. ഗോവിന്ദൻ വിദഗ്ധനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഭൂരിപക്ഷ പ്രീണനത്തിലൂടെ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് പിണറായി വിജയൻ കണക്കുകൂട്ടിയെന്നും, എന്നാൽ അത് ‘തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്’ എന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.ഐ.എം ന്യൂനപക്ഷ പ്രീണനം മാറ്റി ഭൂരിപക്ഷ പ്രീണനം ചെയ്തെന്നും, 1987-ൽ ഇ.എം.എസ് ചെയ്തതുപോലെയാണ് പിണറായി തന്ത്രങ്ങൾ മെനഞ്ഞതെന്നും വി.ഡി. സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വഴികളിൽ താമര ഇതളുകൾ വിതറി അവർക്ക് വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തത് സി.പി.ഐ.എം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചത് സംസ്ഥാന വ്യാപകമായി സി.പി.ഐ.എമ്മിന് തിരിച്ചടിയായെന്നും, കേരളത്തിന്റേത് മതേതര മനസായതിനാൽ വർഗീയത ആര് പറഞ്ഞാലും യു.ഡി.എഫ് എതിർക്കുമെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.ഐ.എം നേതാക്കളുടെ മനസിലിരിപ്പാണ് എം.എം. മണി പറഞ്ഞതെന്നും, തങ്ങളുടെ വീട്ടിൽ നിന്ന് പണം നൽകിയാണ് ഈ ഔദാര്യങ്ങൾ കൊടുക്കുന്നത് എന്ന ധാരണയാണ് അവർക്കെന്നും, ഹീനമായ രീതിയിലാണ് അവർ ചിന്തിക്കുന്നതെന്നുമാണ് സതീശൻ പറഞ്ഞത്.
ഇപ്പോഴത്തെ യു.ഡി.എഫ് ഒരു വലിയ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോം ആണെന്നും, രാഷ്ട്രീയത്തിന് അതീതമായി കേരളത്തിൽ നല്ല ഭരണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നതാണ് യു.ഡി.എഫ് എന്നും സതീശൻ വ്യക്തമാക്കി. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. 2016-ൽ കൂടെ ഇല്ലാതിരുന്ന ഒരുപാട് സാമൂഹിക ഘടകങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന തന്റെ മുൻ പ്രതികരണം വി.ഡി. സതീശൻ ആവർത്തിച്ചു. “മുഖ്യമന്ത്രി ഇങ്ങനെ തന്നെ പോകണം, നന്നായാൽ യു.ഡി.എഫിന് ബുദ്ധിമുട്ടാകും” എന്ന് സതീശൻ പരിഹസിക്കുകയും ചെയ്തു. കേരളത്തിൽ ഇന്നേ വരെ ഒരു മുന്നണിയും പറയാത്ത കാര്യം യു.ഡി.എഫ് പറയും എന്നും, കേരളം നന്നാക്കാനുള്ള വഴികൾ യു.ഡി.എഫ് ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020-ലും 2015-ൽ ഉൾപ്പടെ മലപ്പുറത്ത് സാമ്പാർ മുന്നണി ആയിരുന്നുവെന്നും, എന്നാൽ ഇപ്രാവശ്യം ‘ടീം യു.ഡി.എഫ്’ ആയപ്പോൾ വലിയ വിജയം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തിൽ ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിയതിലൂടെ എൽ.ഡി.എഫാണ് പ്രതിരോധത്തിൽ ആയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അഭിമാനത്തിൽ തല ഉയർത്തിയാണ് നിൽക്കുന്നതെന്നും, ഏറ്റവും കൂടുതൽ സ്ത്രീ ലമ്പടന്മാർ ഉള്ളത് സി.പി.ഐ.എമ്മിലാണ്, അതൊക്കെ ആളുകൾ എണ്ണി നോക്കിയിട്ടുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

