ജോസ് കെ മാണി തൊടുപുഴക്കാരെ വികസനം പഠിപ്പിക്കേണ്ട.
കേരള കോൺഗ്രസ്സ് .
തൊടുപുഴ: പാലായിൽ ഹാട്രിക് തോൽവി ഏറ്റുവാങ്ങാൻ തയാറെടുക്കുന്ന പാർട്ടി യുടെ നേതാവ് ജോസ് കെ മാണി തൊടുപുഴക്കാരെ വികസനം പഠിപ്പിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. കൊച്ചിയുടെ സാറ്റലൈറ്റ് ഉപനഗരമായി വളർന്നുവരുന്ന തൊടുപുഴയെ താഴ്ത്തി കെട്ടാനുള്ള ശ്രമം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
കെ എസ് ആർ ടി സി ജംഗ്ഷൻ വികസനം, മലങ്കര ടൂറിസം പദ്ധതി, മുതലക്കോടം ബൈപ്പാസ്, കാരിക്കോട് – ചുങ്കം റോഡ് എന്നിവയ്ക്ക് ബഡ്ജറ്റിൽ മനപൂർവ്വം തുക വകയിരുത്താത്തത് എന്തുകൊണ്ടെന്ന് എൽഡിഎഫ് വികസന ജാഥ നയിച്ച് എത്തിയ ജോസ് കെ മാണി വ്യക്തമാക്കണം. തൊടുപുഴ – എറണാകുളം സബർബൻ ഹൈവേ, തൊടുപുഴ സ്റ്റേഡിയം നിർമ്മാണം എന്നീ പദ്ധതികൾക്ക് പി ജെ ജോസഫ് എംഎൽഎ നിരവധി തവണ സർക്കാരിൽ ശ്രദ്ധ ചെലുത്തിയിട്ടും ബഡ്ജറ്റിൽ തുക വകകൊള്ളിക്കാത്തത് വിമർശകൻ കാണാതെ പോകരുത്.
ഭരണ പ്രതിപക്ഷ ഭേദമന്യേ റോഡുകൾ, പ്ലസ് ടു സ്കൂളുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങി പി ജെ ജോസഫ് മന്ത്രിയായിരിക്കെ നടത്തിയ വികസന നേട്ടങ്ങൾ സംബന്ധിച്ച് കേരള നിയമസഭയിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തൊടുപുഴയോട് രാഷ്ട്രീയ വിവേചനം ഉണ്ട് എന്ന് ജോസ് കെ മാണി തുറന്നു പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലിനെതിരെഅടുത്ത തെരഞ്ഞെടുപ്പിൽ ഇടതു സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ പ്രസിഡന്റ് ബ്ലെയ്സ് ജി വാഴയിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, നിയോജക മണ്ഡലം സെക്രട്ടറി എം.ടി ജോണി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരൻ ,
സണ്ണി കളപ്പുര,ടോമി കാവാലം, കെ എ പരീത്, ഷൈനി റെജി, സജി പി.ജോസ് ,ക്ലമന്റ് ഇമ്മാനുവൽ, ജോൺസ് ജോർജ്ജ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

