മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ

കോഴിക്കോട് ജില്ലയിലെ കൂളിമാട് കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണ സംഭവത്തിൽ സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസ് എടുക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീർ. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് എടുത്തതുപോലെ ഈ സംഭവത്തിലും കേസ് എടുക്കാമെന്ന് മുനീർ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തകർന്നുവീഴുന്ന പാലങ്ങളുൾ വർധിക്കുന്നതായി മുനീർ പറഞ്ഞു. ‘‘പാലാരിവട്ടം പാലം സുരക്ഷിതം ആയിരുന്നു എന്നാണ് ഇപ്പോഴും പറയുന്നത്. അന്ന് കോൺക്രീറ്റ് മാത്രമാണ് അടർന്നത്. മുൻമന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാൽ മന്ത്രിക്കെതിരെ കേസ് എടുക്കാം. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ ഇടതു സർക്കാർ സ്വീകരിച്ച മാതൃക ഇവിടെയും സർക്കാർ കാണിക്കുമോ?
ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകുമോ? ഊരാളുങ്കലിന്റെ പേരിൽ കരാറെടുത്ത് സിപിഎം ആണ് നിർമാണ പ്രവർത്തനം നടത്തുന്നത്. സിപിഎമ്മിന് ഫണ്ടുണ്ടാക്കാനുള്ള ഏജൻസിയായി ഊരാളുങ്കൽ മാറിക്കഴിഞ്ഞു. ടെൻഡർ ഇല്ലാതെയാണ് പല കരാറുകളും ഊരാളുങ്കലിനു നൽകുന്നത്.

Leave a Reply