കുടുബം സംരക്ഷിക്കുവാൻ പൊറോട്ടയടിച്ച് മാതൃകയായ അനശ്വര ഹരി അഭിഭാഷകയായി

എൽഎൽബി പഠനത്തോടൊപ്പം സ്വന്തം കുടുബത്തെ സംരക്ഷിക്കുവാൻ വീടിനോടു ചേർന്നുള്ള ചെറിയ ഹോട്ടലിൽ പൊറോട്ടയടിച്ച് യുവജനങ്ങൾക്ക് മാതൃകയായ അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു.
എരുമേലി കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകളായ അനശ്വര ഇക്കഴിഞ്ഞ കോവിഡ് കാലത്ത് എൽഎൽബി പഠനത്തിനിടെ വീട്ടിലെ ഹോട്ടലിൽ പൊറോട്ടയടിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.
സുപ്രീം കോടതി ജഡ്ജി മുതൽ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉൾപ്പടെ ഒട്ടേറെ പേരാണ് വാർത്തയെ തുടർന്ന് സഹായങ്ങളുമായി എത്തിയത്. പിതാവ് നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ട് പെണ്മക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളേജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. വാർത്തകളെ തുടർന്ന് ഒട്ടേറെ സഹായഹസ്തങ്ങൾ അനശ്വരക്ക് താങ്ങാകാൻ എത്തി.
തൊടുപുഴ അൽ അസ്ഹർ ലോ കോളേജിൽ നിന്നാണ് എൽഎൽബി പഠനം പൂർത്തിയാക്കിയത്. അഭിഭാഷകയാകുന്നതിനും ആഗ്രഹം പോലെ ജഡ്ജി ആകുന്നതിനുമൊക്കെ പഠനത്തിനും പരിശീലനത്തിനും സഹായ വാഗ്ദാനങ്ങൾ ലഭിച്ചത് പൊറോട്ടയടി ആണെന്നുള്ളത് ഒരിക്കലും മറക്കില്ലെന്നും അമ്മയെ സ്നേഹത്തോടെ ചേർത്ത് നിർത്തി അനശ്വര പറഞ്ഞു.

Leave a Reply