വിജയ് ബാബു കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി അന്വേഷണ സംഘം
പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസ് പ്രതി വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കൂടുതല്‍ വിവരശേഖരണത്തിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. അതിനിടെയാണ് താരം ജോര്‍ജിയയിലേക്ക് കടന്നത്. ഈ സാഹചര്യത്തില്‍ താരത്തിന് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മെയ് 24 നുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.