പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്; മാതാപിതാക്കള്‍ക്കെതിരേയും കേസെടുക്കും

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ആലപ്പുഴ എസ്പി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയില്‍ ഈരാറ്റു പേട്ടയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധവല്ലെന്നും പൊലീസ് വ്യക്തമാക്കി. ‘സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഗൂഢാലോചനയടക്കം അന്വേഷിക്കും. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയും കേസെടുക്കും. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം സംബന്ധിച്ച കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.’ ആലപ്പുഴ എസ്പി വിശദീകരിച്ചു.

സംഭവത്തില്‍ സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. റാലിയിലെ മുദ്രാവാക്യത്തിനെതിരെ അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍ ഇന്നലെ കോട്ടയം ഈരാട്ടു പേറ്റ സ്വദേശിയ അന്‍സാര്‍ നജീബിനെയാണ് രാത്രി പത്ത് മണിയോടെ പൊലീസ് പിടികൂടിയത്. കുട്ടിയെ ആലപ്പുഴയിലെത്തിച്ചത് ഇയാളായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

രണ്ടു ദിവസം മുമ്പാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്.സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.”അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു” പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്.

Leave a Reply