തിരിച്ചടിച്ച് രാജസ്ഥാൻ റോയല്‍സ്; ഫൈനലില്‍ ആവേശപ്പോരാട്ടം
അഹമ്മദാബാദ് : ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ തിരിച്ചടിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആറ് ഓവറില്‍ 2വിക്കറ്റ് നഷ്ടത്തില്‍ 30 റണ്ണെടുത്തു. വൃദ്ധിമാന്‍ സാഹ(5), മാത്യു വെയ്ഡ്(8) എന്നിവരാണ് പുറത്തായത്.ഗില്ലും പാണ്ഡ്യയുമാണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത് ചെറിയ സ്‌കോറിന് പുറത്തായ റോയല്‍സ് ശക്തമായ ബൗളിങ്ങാണ് പുറത്തെടുത്തത്. ട്രന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറില്‍ ഗില്ലിനെ പുറത്താക്കാനുള്ള അവസരം ചാഹല്‍ നഷ്ടപ്പെടുത്തി.എന്നാല്‍ രണ്ടാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ ക്ലീന്‍ ബൗള്‍ ചെയ്ത് പ്രസിദ്ധ കൃഷ്ണ റോയല്‍സിന് ബ്രെയ്ക്ക് നല്‍കി.
അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 130 റണ്ണെടുത്തു. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ മികച്ച ബൗളിങ്ങാണ് റോയല്‍സിനെ തകര്‍ത്തത്. പാണ്ഡ്യ നാലോവറില്‍ 17 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബട്ടലര്‍, സഞ്ജു, ഹെറ്റ്മെയര്‍ എന്നീ നിര്‍ണായക വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്. റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍ വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
ജോസ് ബട്ട്‌ലര്‍ക്കും(39) ജെയ്സ്വാളിനും(22) മാത്രമാണ് റോയല്‍സ് നിരയില്‍ കുറച്ചെങ്കിലും തിളങ്ങാനായൊള്ളു. യശ്സ്വി ജെയ്സ്വാളും ജോസ് ബട്ടലറും രാജസ്ഥാന് വേണ്ടി ശ്രദ്ധയോടെയാണ് ബാറ്റിങ്ങ് തുടങ്ങിയത്. ഷമിയുടെ രണ്ടാം ഓവറില്‍ ജെയ്സ്വാള്‍ ആക്രമത്തിന് തുടക്കമിട്ടെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല. യഷ് ദയാലിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ നാലാം ഓവറില്‍ ജെയ്സ്വാള്‍ പുറത്തായി. ബൗണ്ടറിക്കരികില്‍ സായി കിഷോര്‍ പിടികൂടുകയായിരുന്നു. രണ്ടാമാനായി ക്രീസിലെത്തിയ സഞ്ജു ലോക്കി ഫെര്‍ഗ്യൂസന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും മികച്ച ഇന്നിങ്ങ്സ് പുറത്തെടുക്കാനായില്ല.
11 പന്തില്‍ 14 റണ്ണാണ് സഞ്ജു അടിച്ചത്. ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ പോയിന്റില്‍ സായ് കിഷോര്‍ പിടികൂടി. 12-ാം ഓവറില്‍ ദേവ്ദത്ത് പടിക്കല്‍കൂടി(2) പുറത്തായതോടെ റോയല്‍സ് സമ്മര്‍ദ്ദത്തിലായി. 13-ാം ഓവറില്‍ ജോസ് ബട്ട്ലറും പുറത്തായതോടെ റോയല്‍സ് തകര്‍ച്ച മുന്നില്‍കണ്ടു. 35 പന്തില്‍ 39 റണ്ണാണ് ബട്ട്ലര്‍ നേടിയത്. പടിക്കലും ബട്ട്‌ലറും 79 റണ്ണില്‍ തന്നെ് പുറത്തായത് രാജസ്ഥാന് കനത്ത തിരിച്ചടിയായി. പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍ എന്ന നിലയിലായിരുന്ന റോയല്‍സ് 15 ഓവറില്‍ 96-5 എന്ന നിലയിലായി. ഹെറ്റ്മെയര്‍(11), ആര്‍ അശ്വിന്‍(6) എന്നിവര്‍ സ്‌കോര്‍ 100 എത്തുന്നതിന് മുമ്പ് പവലിയനിലെത്തി. നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.