പി.ടി. ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്
മലയാളി അത്ലറ്റ് പി.ടി. ഉഷയെയും വിഖ്യാത സംഗീതജ്ഞൻ ഇളയരാജയെയും രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തു.
സാമൂഹ്യപ്രവർത്തകനും കർണാടകയിലെ ധർമസ്ഥല ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായ വീരേന്ദ്ര ഹെഗ്ഗാഡെ, ആന്ധ്രപ്രദേശ് സ്വദേശിയായ പ്രമുഖ തിരക്കഥാകൃത്ത് കെ.വി. വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തു. പി.ടി. ഉഷ(58) കോഴിക്കോട് പയ്യോളി സ്വദേശിനിയാണ്.
ഓരോ ഇന്ത്യക്കാരനും പ്രചോദനം നല്കുന്നയാളാണു പി.ടി. ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കായികരംഗത്ത് ഉഷയുടെ നൈപുണ്യം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ പ്രാധാന്യമുള്ളതാണു കഴിഞ്ഞ കുറേ വർഷങ്ങളായി യുവ കായികതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ അവർ വഹിക്കുന്ന പങ്ക്. രാജ്യസഭയിലേക്കു നാമനിർദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ-മോദി പറഞ്ഞു.
ആർആർആർ, ബാഹുബലി പരന്പര, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കെ.വി. വിജയേന്ദ്ര പ്രസാദ്(80). ഇദ്ദേഹത്തിന്റെ മകനാണ്, ബാഹുബലി സംവിധാനം ചെയ്ത എസ്.എസ്. രാജമൗലി.