സർക്കാരിന് കോടതിയുടെ വിമർശനം: റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

കൊച്ചി കോര്‍പറേഷൻ പരിധിയിലേതടക്കം നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.  നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാൽ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണം.  വിജിലന്‍സ് അന്വേഷിക്കണം. ഒരു വര്‍ഷത്തിനുളളിൽ വകുപ്പുതല  ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. ഉത്തരവാദികളായവർക്കെതിരെ  നിയമപരമായ നടപടിയുണ്ടാകണം. റോഡ് അറ്റകുറ്റപ്പണിക്കുളള പണം ഇപ്പോൾ വകമാറ്റുകയാണ്. ഇത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ദിവസം തോറും കൂടിവരുന്നു. ഇതിങ്ങനെ അനുവദിക്കാനാകില്ല. പല തവണ റോഡുകളുടെ അറ്റകുറ്റ പണി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ റോഡ് എന്ന് പേര് മാറ്റിയാലേ അറ്റകുറ്റപ്പണി നടത്തൂ എന്നാണോ സർക്കാർ നിലപാടെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു. എഞ്ചിനീയർമാർ കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോള്‍ മാത്രമേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികൾ പോലും  കാണാൻ പറ്റാത്ത നിലയിലാണ്. കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുമ്പോഴും റോഡ് നന്നാക്കാന്‍ നടപടിയില്ല. എന്നാൽ സംസ്ഥാന റോ‍ഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകി.  ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Leave a Reply