സംഘടനാ തിരഞ്ഞെടുപ്പ്: അധ്യക്ഷപദം ഏറ്റെടുക്കാൻ സമ്മതം മൂളാതെ രാഹുൽ
കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം 10 ദിവസത്തിനകം ആരംഭിക്കാനിരിക്കെ, വീണ്ടും ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി മൗനം തുടരുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ രാഹുൽ സമ്മതമറിയിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 20 മുതൽ സെപ്റ്റംബർ 20 വരെയാണു തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രിയങ്ക ഗാന്ധി ദേശീയ നേതൃത്വത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരു സോണിയ ഗാന്ധിയുടെ പിൻഗാമിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്നാണു സോണിയയുടെ താൽപര്യം.