വിതരണം ചെയ്തത് തെറ്റായ ദേശീയ പതാക; ഒരുലക്ഷം പതാകകൾ തിരിച്ചുവാങ്ങി

ഇടുക്കിയിൽ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ വീടുകളിൽ ഉയര്‍ത്താൻ വിതരണം ചെയ്ത ദേശീയ പതാകയിൽ പിഴവ്. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിച്ചില്ല. ഒരു ലക്ഷത്തോളം പതാകകളാണ് ഇങ്ങനെ പാഴായത്. കുടുംബശ്രീ വഴി വിതരണത്തിന് എത്തിച്ചവയാണ് ഇവ.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ വിതരണോദ്ഘാടനം നിർവഹിച്ച ശേഷമാണ് പതാകകളിലെ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങി.
30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു കരാർ. എന്നാല്‍, ഇവർ സ്വന്തമായി ദേശീയ പതാക നിര്‍മിക്കുന്നതിന് പകരം ബംഗളൂരുവിലെ രണ്ടു കമ്പനികൾക്ക് ചുമതല ഏൽപിച്ചു. ഇങ്ങനെ വാങ്ങിയ പതാകകളാണ് ഉപയോഗ ശൂന്യമായത്