സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ

കാക്കനാട്: സീറോ മലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാർ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു. ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മാർ ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. വിദേശത്തായിരുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. അലക്സ് താരാമംഗലം ചടങ്ങിൽ സന്നിഹിതനായിരുന്നില്ല. മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി