ലിനിയുടെ മക്കൾക്ക് ഒരമ്മയെ കിട്ടുന്നതിൽ വലിയ സന്തോഷം”-സജീഷിന് ആശംസ നേർന്ന് കെ.കെ. ശൈലജ

വടകര: നിപ ബാധിച്ച് മരിച്ച കരലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷം പങ്കുവെച്ച മുൻ മന്ത്രി സജീഷിനും പ്രതിഭക്കും വിവാഹാശംസകൾ നേരുകയും ചെയ്തു. ലിനിയുടെ മക്കൾക്ക് ഒരമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നുമാണ് കുറിപ്പിൽ.

ആഗസ്റ്റ് 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്റെയും അധ്യാപികയായ പ്രതിഭയുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. ലിനിയുടെ കുടുംബം ഉൾപ്പെടെ മൂന്നു കുടുംബങ്ങൾ ചേർന്നാണ് വിവാഹം തീരുമാനിച്ചത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. ഇപ്പോൾ പന്നിക്കോട്ടൂർ പി.എച്ച്.സിയിൽ ക്ലാർക്കാണ് സജീഷ്. മക്കൾക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിക്കുന്നത്. 2018ൽ നിപ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകർന്നാണ് ലിനി മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്നു ലിനി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് 2018 മേയ് 21നായിരുന്നു അന്ത്യം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

”ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്.

കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു. റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും.ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു”.