നിഫ്റ്റി വീണ്ടും 18,000 കടന്നു

വിലക്കയറ്റത്തേയും യുഎസ് ഫെഡറൽ റിസർവിനെയും നിക്ഷേപകർക്ക് പേടിയില്ലാതായിരിക്കുന്നു. ആഗോള വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളിലും പ്രകടമായതോടെ അഞ്ചു മാസത്തിനുശേഷം നിഫ്റ്റി 18,000 തിരിച്ചുപിടിച്ചു.

സെൻസെക്സ് 329 പോയന്റ് നേട്ടത്തിൽ 60,444ലും നിഫ്റ്റി 99 പോയന്റ് ഉയർന്ന് 18,035ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ നിക്ഷേപകർ തന്ത്രംമാറ്റിയതാണ് വിപണിയിലെ മുന്നേറ്റത്തിന് പിന്നിൽ. വിൽപനക്കാരിൽനിന്ന് വാങ്ങലുകാരായി അവർ. റീട്ടെയിൽ നിക്ഷേപകരുടെ ശക്തമായ പിന്തുണകൂടിയായപ്പോൾ സൂചികകൾക്ക് മുന്നേറാൻ കാലതാമസമുണ്ടായില്ല. ശക്തമായ സമ്പദ് വ്യവസ്ഥയുടെ പിൻബലത്തിൽ വിപണിയെ റെക്കോഡ് ഉയരത്തിലേയ്ക്ക് നയിച്ചേക്കാനും ഇടയുണ്ട്.