പറമ്പിക്കുളം ഷട്ടർ ഒലിച്ചുപോകുന്നത് ആദ്യസംഭവം; പുതിയത് ഘടിപ്പിക്കുന്നത് ശ്രമകരം

പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പർ ഷട്ടർ തകർന്ന് പൂർണമായും ഒലിച്ചുപോയത് രാജ്യത്തുതന്നെ ആദ്യസംഭവമാണെന്ന് കേരളത്തിന്റെ ഡാം സുരക്ഷാ റിവ്യൂ പാനൽ അഗവും മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ സുധീർ പടിക്കൽ. 27 അടി ഉയരവും 35 ടൺ ഭാരവുമുള്ള ഷട്ടറും ഇതിനെ താങ്ങിനിർത്തുന്ന ഷട്ടറിന്റെ ഭാരമുള്ള കൗണ്ടർവെയ്റ്റ് ബീമുകളും ഷട്ടർ ഉയർത്തുന്നതിനുള്ള ചെയിനുകളും ഉൾപ്പെടെ പൂർണമായും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിരിക്കുകയാണ്. പല ചെറിയഡാമുകളും തകർന്ന സംഭവങ്ങളുണ്ടെങ്കിലും ഷട്ടർ തകർന്ന് ഒലിച്ചുപോവുന്നത് പതിവില്ല. അതിനിടെ ഷട്ടർ തകർന്നത് എങ്ങനെയെന്നതിന് കാരണംതേടി തമിഴ്‌നാട് ജലവിഭവവകുപ്പിന്റെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന ആരംഭിച്ചു.
ഷട്ടർ തകർന്നത് തമിഴ്‌നാടിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒന്നേകാൽലക്ഷം ഏക്കർ കൃഷിക്കുള്ള വെള്ളം പാഴാവുകയാണ്. വൈദ്യുതിയിനത്തിൽ 30 മെഗാവാട്ട് കറന്റിനുള്ള വെള്ളമാണ് പാഴാവുന്നത്. 1,825 അടി ജലനിരപ്പുള്ള ഡാമിൽ 1,798 അടി മുതലാണ് ഷട്ടർ വരുന്നത്. നിലവിലെ ജലനിരപ്പ് 1,798 അടിയിൽ എത്തിയാൽ മാത്രമേ പുതിയ ഷട്ടർ ഘടിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയും 19 അടി താഴണം. വ്യാഴാഴ്ചരാവിലെ ഒമ്പതിന് 1,817.3 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ചകൊണ്ട് ആകെ ആറടി വെള്ളമാണ് താഴ്ന്നത്. ഈ രീതിയിലാണെങ്കിൽ ഇനിയും മൂന്നുദിവസംകൊണ്ടേ ജലനിരപ്പ് 1,798 അടിയിൽ എത്തുകയുള്ളൂ.
ഡാമിന്റെ അടിത്തട്ടിൽനിന്നുള്ള കോൺക്രീറ്റ് ഭിത്തിയിൽ (ക്രസ്റ്റ്) ഷട്ടറുകൾ മുട്ടുന്നഭാഗത്ത് ഇനി പുതിയ ഷട്ടർ ഘടിപ്പിക്കുന്ന പ്രവൃത്തികൾ തുടങ്ങണം. അതിന് ഷട്ടറും കൗണ്ടർ വെയിറ്റ് ബീമുകളും ഷട്ടർ തൂക്കിയിടാനുള്ള ചെയിനും നിർമിക്കണം. തുടർന്ന്, അവ സ്ഥാപിച്ച് പ്രവർത്തനക്ഷമതപരിശോധനയും സുരക്ഷാപരിശോധനയും നടത്തുകയും വേണം. പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയാൽത്തന്നെ ഏറ്റവുംചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവരും. അത്രയുംസമയം വെള്ളം സംഭരിക്കാൻ കഴിയില്ല.
പറമ്പിക്കുളം ഡാമിന്റെ സുരക്ഷാപരിശോധന തമിഴ്‌നാടുതന്നെയാണ് നടത്തുന്നത്. കേരളത്തിലാണെങ്കിലും ഡാം സുരക്ഷാ അതോറിറ്റിക്ക് ഒന്നും ചെയ്യാനില്ല. അന്തർസംസ്ഥാന നദീജല കരാറുകളുടെ ഭാഗമായ ഡാമുകൾ പരിശോധിക്കുന്ന നാഷണൽ കമ്മിറ്റി ഓൺ ഡാം സേഫ്റ്റിക്കും (എൻ.സി.ഡി.എസ്.) പറമ്പിക്കുളത്ത് റോളില്ല. പറമ്പിക്കുളം ഡാമിന്റെ പരിശോധന എൻ.സി.ഡി.എസ്സിനുകീഴിൽ വരുത്തണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ പറമ്പിക്കുളം ഡാമിന്റെ ഷട്ടർ സുരക്ഷാകാര്യത്തിൽ വീഴ്ചകൾ ഉണ്ടോയെന്നറിയാൻ ഒരുമാർഗവുമില്ല.
തമിഴ്‌നാടുതന്നെ കണ്ടെത്തണം. പറമ്പിക്കുളം ഡാം നിറഞ്ഞതോടെ കഴിഞ്ഞ ജൂലായ് മുതൽ മൂന്നുഷട്ടറുകളും പലതവണ തുറന്നിരുന്നു. ഇപ്പോൾ ഷട്ടർ തുറന്നിരിക്കുന്നസമയത്തുതന്നെയാണ് തകർന്ന് ഒലിച്ചുപോയിരിക്കുന്നത്. ഷട്ടർ ഉയർത്തുന്നതിലും തുടർ അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ചവന്നിരുന്നോ എന്ന് സംശയമുയരുന്നുണ്ട്.
:പറമ്പിക്കുളം ഡാമിലെ രണ്ടാം ഷട്ടർ തകർന്ന് ഒലിച്ചുപോയ സംഭവത്തിൽ കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനിയർ ടി.കെ. ശിവരാജൻ, ദേശീയ ഡാം സുരക്ഷാവിഭാഗം ചീഫ് എൻജിനിയർ ആർ. തങ്കമണി എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഷട്ടർ തകരാനുണ്ടായ കാരണങ്ങൾ, ഒഴുക്കിക്കളയുന്ന വെള്ളം എന്നിവ സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട് അധികൃതരിൽനിന്ന് ശേഖരിച്ചു. ഷട്ടർ തകർന്നതിന്റെ കാരണങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ട് സംഘം ജലകമ്മിഷന് നൽകും.നിശ്ചിത സമയത്തിനകം ഷട്ടർ പുനഃസ്ഥാപിക്കാൻ ജലകമ്മിഷൻ തമിഴ്നാടിന് നിർദേശം നൽകിയിട്ടുണ്ട്. പുതിയ ഷട്ടർ സ്ഥാപിക്കുന്ന കാര്യത്തിൽ സമഗ്രപദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഉടൻതന്നെ തമിഴ്നാട് സർക്കാരിന് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷട്ടറിന്റെ അടിത്തട്ട് വരെ ജലനിരപ്പ് താണശേഷം പത്ത് ദിവസത്തിനുള്ളിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. ഷട്ടർ സ്ഥാപിക്കാൻ ചുരുങ്ങിയത് ഒരുമാസം വേണ്ടിവരും